Latest News

അരലക്ഷം കടന്ന് കുഞ്ഞാലിക്കുട്ടി, മലപ്പുറത്ത് യുഡിഎഫിന്റെ കുതിപ്പ്

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 50,000 കടന്നു. മികച്ച രീതിയില്‍ മുന്നേറുന്ന കുഞ്ഞാലിക്കുട്ടി റെക്കോര്‍ഡ് ഭൂരിപക്ഷം പിടിക്കും എന്നാണ് ഈ സമയം യുഡിഎഫ് ക്യാമ്പ് കണക്ക് കൂട്ടുന്നത്.[www.malabarflash.com] 
ഇതുവരെ എണ്ണിയ വോട്ടുകളില്‍ ഒന്നരലക്ഷം വോട്ടുകള്‍ കുഞ്ഞാലിക്കുട്ടിയും ഒരുലക്ഷം വോട്ടുകള്‍ ഫൈസലും നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശ് 20000 വോട്ടുകള്‍ നേടിയിട്ടുണ്ട്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് രണ്ടായിരം വോട്ടുകള്‍ക്ക് വരെ ലീഡ് പിടിച്ചതൊഴിച്ചാല്‍ യുഡിഎഫിന്റെ മികച്ച മുന്നേറ്റമാണ് മലപ്പുറത്ത് കാണുന്നത്. എല്‍ഡിഎഫിന് ശക്തമായ സ്വാധീനമുള്ള പെരിന്തല്‍മണ്ണ, മങ്കട, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ യുഡിഎഫ് നടത്തിയ മുന്നേറ്റം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗമാണെന്ന സൂചനകളാണ് നല്‍കുന്നത്.

അതേസമയം പ്രതീക്ഷിച്ച വോട്ടുകള്‍ പോലും എല്‍ഡിഎഫിന് മലപ്പുറത്ത് ലഭിച്ചിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫിന്റെ രാഷ്ട്രീയനിലപാടുകള്‍ ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ സൂചനയാണ് മലപ്പുറത്തെ മുന്നേറ്റമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ മികച്ച ഭൂരിപക്ഷത്തിലേക്കാണ് കുഞ്ഞാലിക്കുട്ടി നീങ്ങുന്നത്. കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് പിടിച്ച വോട്ട് മാത്രമാണ് അവരെ അല്‍പം ആശങ്കപ്പെടുത്തിയത്. അതേസമയം എല്‍ഡിഎഫിന് സ്വാധീനമുള്ള പെരിന്തമല്‍മണ്ണയിലും, മങ്കടയിലും തുടക്കം തൊട്ട് ലീഡ് പിടിച്ചതും വള്ളിക്കുന്നില്‍ എല്‍ഡിഎഫിനെ അതിവേഗം പിന്നിലാക്കിയതും യുഡിഎഫിന് നേട്ടമാണ്.

കൊണ്ടോട്ടിയിലും മഞ്ചേരിയിലും വള്ളിക്കുന്നിലും തുടക്കത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്‌തെങ്കിലും പിന്നീട് യുഡിഎഫ് മുന്നിലെത്തി. പെരിന്തല്‍മണ്ണ, വേങ്ങര, മങ്കട മണ്ഡലങ്ങളില്‍ കുഞ്ഞാലിക്കുട്ടിക്കാണ് തുടക്കം മുതലേ ലീഡ്. മലപ്പുറത്തും വേങ്ങരയിലും ശക്തമായ ലീഡ് നേടിയ കുഞ്ഞാലിക്കുട്ടി മങ്കടയിലും വന്‍ലീഡാണ് സ്വന്തമാക്കിയത്.

പത്തരയോടെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരും എന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

എഴ് നിയമസഭാമണ്ഡലങ്ങള്‍ക്കായി ഏഴ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്തു ടേബിളുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഓരോ മുറിയിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്കു പുറമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിക്കുന്ന നിരീക്ഷകരുമുണ്ടാകും. ഓരോ റൗണ്ട് എണ്ണിത്തീരുമ്പോഴും ഫലം മൈക്കിലൂടെ പ്രഖ്യാപിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.