കാസര്‍കോട്: മീന്‍ ലോറി ചന്ദ്രഗിരി പാലത്തിന്റെ കൈവരിയിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com]
ആലപ്പുഴ പുന്നപ്രയിലെ നാസര്‍(36) ആണ് മരിച്ചത്. നാസറിന്റെ ബന്ധുവായ ഹാരിസ് (35) ആണ് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം.
ഗോവയില്‍ നിന്നും മത്സ്യം കയറ്റി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാലത്തിനിടിച്ച് കൈവരി തകര്‍ത്തത്. ലോറിയുടെ മുന്‍ഭാഗം പാലത്തിലിടിച്ച് എതിര്‍ദിശയിലേക്ക് തിരിഞ്ഞിരുന്നു. ലോറി പുഴയില്‍ വീഴാതെ പാലത്തിന്റെ കൈവരിയില്‍ താങ്ങിനിന്നു.
അപകടത്തെ തുടര്‍ന്ന് നാസര്‍ പുഴയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടം നടന്ന വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മണിക്കൂറുകളോളം കഴിഞ്ഞിട്ടും നാസറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചെമ്മനാട് പള്ളിക്ക് സമീപം പുഴയിലൂടെ മൃതദേഹം ഓഴുകുന്നതുകണ്ടാണ് കരക്കെത്തിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടത്തിന് കാരണം എന്ന് സംശയിക്കുന്നു. പരേതനായ മുഹമ്മദ് കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് നാസര്‍. ഭാര്യ ഖമറുന്നിസ. മക്കള്‍: അസീബ്, അസീന.
നാഷനല്‍ ഹൈവേ വഴി പോകേണ്ട ചരക്ക് വണ്ടികളും മീന്‍ ലോറികളും കെ.എസ്.ടി.പിയുടെ തീരദേശ പാതയിലൂടെ അമിത വേഗതയിലൂടെ പോകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതിനെതിരെ അധികൃതര്‍ നടപടിയൊന്നും കൈക്കൊള്ളുന്നില്ലന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉദുമയില്‍ വെച്ച് മീന്‍ ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചിരുന്നു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News.




No comments:
Post a Comment