Latest News

കേരളത്തില്‍ നിന്ന് ലോകസഭയിലെത്തുന്ന ഏഴാമത്തെ ലീഗ് നേതാവ്‌

മലപ്പുറം: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്ന ഏഴാമത്തെ മുസ്‌ലിം ലീഗ് നേതാവാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.[www.malabarflash.com] 

ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ജി.എം ബനാത്ത് വാല, ഇബ്രാഹിം സുലൈമാന്‍ സേട്ട്, സി.എച്ച് മുഹമ്മദ് കോയ, ഇ. അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പാര്‍ലമെന്റ് കണ്ട മറ്റ് ലീഗ് നേതാക്കള്‍.

1962ലാണ് മഞ്ചേരി മണ്ഡലത്തില്‍ നിന്ന് വിജയിച്ച ദേശീയ അധ്യക്ഷന്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബാണ് ലോക്‌സഭയിലെ ആദ്യ മുസ്‌ലിം ലീഗ് പ്രതിനിധി. തുടര്‍ന്ന് മഞ്ചേരിയില്‍ നിന്ന് 1967, 71 വര്‍ഷങ്ങളില്‍ വിജയം ആവര്‍ത്തിച്ചു. 1962ല്‍ കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് സി.എച്ച്. മുഹമ്മദ് കോയ ലോക്‌സഭയിലെത്തി.

1977 മുതല്‍ 1989 വരെ ഇബ്രാഹിം സുലൈമാന്‍ സേട്ടും 1991 മുതല്‍ 1999 വരെ ഇ. അഹമ്മദും മഞ്ചേരിയെ പ്രതിനിധീകരിച്ചു. മഞ്ചേരി മണ്ഡലം മാറി മലപ്പുറം ആയപ്പോള്‍ 2009ലും 2014ലും ഇ. അഹമ്മദ് ലോക്‌സഭയിലെത്തി. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്.

1977ലാണ് ജി.എം ബനാത്ത് വാല പൊന്നാനി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്നത്. 1980, 84, 89, 96, 98, 99 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍ ബനാത്ത് വാല വിജയം ആവര്‍ത്തിച്ചു. ഇതിനിടെ 1991ല്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടും 2004ല്‍ ഇ. അഹമ്മദും പൊന്നാനിയുടെ പ്രതിനിധിയായി. 2009ല്‍ പൊന്നാനി മണ്ഡലത്തില്‍ നിന്ന് കന്നി വിജയം നേടിയ ഇ.ടി മുഹമ്മദ് ബഷീര്‍ 2014ല്‍ വിജയം ആവര്‍ത്തിച്ച് നിലവിലെ ലോക്‌സഭയില്‍ മുസ് ലിം ലീഗ് പ്രതിനിധിയായി.

ഇവരെ കൂടാതെ ബി.വി അബ്ദുല്ല കോയ, അബ്ദുല്‍ സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ പാര്‍ലമെന്റ് ഉപരിസഭയായ രാജ്യസഭയില്‍ മുസ് ലിം ലീഗ് പ്രതിനിധികളായി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.