Latest News

മാനവും മനസ്സും നിറഞ്ഞ് ബേക്കലിന്റെ തീരം; മലബാര്‍ കൈറ്റ് ഫെസ്റ്റിന് ആവേശോജ്ജ്വല തുടക്കം [PHOTOS]

ബേക്കല്‍: ബേക്കല്‍ ബീച്ച് പാര്‍ക്കിലെത്തിയ ആയിരങ്ങള്‍ക്ക് മനസ്സ് കുളിര്‍ക്കുന്ന കാഴ്ചകളൊരുക്കി അന്താരാഷ്ട്ര പട്ടം പറത്തല്‍ മേള തുടങ്ങി.[www.malabarflash.com] 

കൂററന്‍ പുലി പട്ടവും ആനപട്ടവും കഥകളിയും വമ്പന്‍ സര്‍ക്കിള്‍ കൈറ്റുമെല്ലാം ആകാശം മുട്ടെ ആവേശം വിതറി ഉയര്‍ന്നുപൊങ്ങി. കൊച്ചിയിലെ കൈറ്റ് ലൈഫ് ഫൗണ്ടേഷന്റെ മഹാബലി പട്ടവും വൈബ്രന്റ് കൈറ്റ് ക്ലബ്ബ് ഗുജറാത്തിന്റെ ഗജവീരനും വണ്‍ ഇന്ത്യാ കൈറ്റ് ടീമിന്റെ കഥകളിയും ടൈഗര്‍ കൈറ്റും ഇന്തോനേഷ്യയില്‍ നിന്നുള്ള ബട്ടര്‍ഫ്‌ലൈയും ബേക്കലിന്റെ വാനില്‍ നൃത്തമാടി. 
ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ട് ഖാലിദ് സി പാലക്കി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ബി ആര്‍ ഡി സി എം ഡി ടി കെ മന്‍സൂര്‍, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സി എ ശിവപ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര, പി കെ അബ്ദുള്ള, ലക്ഷമണ്‍ കുമ്പള, യു.കെ. ഗ്രൂപ്പ് ചെയര്‍മാന്‍ യു കെ യൂസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി എം അബ്ദുല്‍ നാസര്‍ സ്വാഗതവും, അന്‍വര്‍ ഹസന്‍ നന്ദിയും പറഞ്ഞു. 
ബീച്ചിലെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുളളവര്‍ക്ക് വിവിധ കലവിരുന്നുകള്‍ ഒരുക്കിയാണ് പരിപാടി നടക്കുന്നത്. കുട്ടികളുടെ പ്രിയ ചാനലായ കൊച്ചു ടിവിയുടെ പ്രത്യേക പരിപാടിയും നടന്നു. കുഞ്ഞുങ്ങളുടെ ഇഷ്ട കാഥാപാത്രം സിങ്കുവിന്റെ സാന്നിധ്യം കുട്ടികളില്‍ ആവേശമായി. 
ശിങ്കാരി മേളം, കഥകളി, തിരുവാതിര, ഒപ്പന മാര്‍ഗ്ഗം കളി കോല്‍ക്കളി എന്നിവയും അരുണ്‍രാജ്, മൈലാഞ്ചി ഫിയിം ദില്ജിഷ തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 
മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച സാഹസികത ഇഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്കായി കടലോരത്ത് കൂടിയുള്ള ജീപ്പ് ഡ്രൈവിങ്ങും, മോട്ടോര്‍ സൈക്കിള്‍ റൈഡും നടക്കും. പരിപാടി ഞായറാഴ്ച സമാപിക്കും.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെയും ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്.



































No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.