Latest News

ഉറ്റവര്‍ ഉപേക്ഷിച്ച ശ്രീദേവിയമ്മക്ക് ഉപജീവന മാര്‍ഗ്ഗം ലോട്ടറി വില്‍പ്പന

ഉദുമ: തൃക്കണാട് തൃയംബകേശ്വര നട തുറന്ന് ഉഷ പൂജ കഴിഞ്ഞതേയുള്ളു. പ്രധാന കവാടത്തിന്റെ വശത്ത് ലോട്ടറിയുമായി ഒരു വയസായ അമ്മ എത്തുകയായി. ആദ്യം തൃയംബകേശ്വരനെ പുറത്തു നിന്ന് തൊഴും . പിന്നെ ലോട്ടറി ടിക്കറ്റ് വില്‍പ്പന എന്ന തന്റെ തൊഴിലിലേക്ക് പ്രവേശിക്കും. [www.malabarflash.com]

അകത്തേക്കും പുറത്തേക്കും പോകുന്ന ഭക്തജനങ്ങള്‍ക്ക് ലോട്ടറി ടിക്കറ്റ് വെറുതേ നീട്ടും . ചിലര്‍ എടുക്കും. ചിലര്‍ തീര്‍ത്തും അവഗണിക്കും. ചിലര്‍ 'വയസുകാലത്ത് ഈ തള്ളക്ക് വേറെ പണിയില്ലേന്ന്' ശപിക്കും. രണ്ടായാലും അമ്മ യാതൊന്നും മിണ്ടില്ല. ഇതാണ് തലശേരി സ്വദേശിനിയായ കേളോത്ത് ശ്രീദേവി അമ്മ.

അറുപത്തേഴ് വയസായി. അസുഖമുണ്ട്. പണ്ട് ഭര്‍ത്താവും മകളുമായി നല്ല നിലയില്‍ കഴിഞ്ഞതായിരുന്നു. ഇന്ന് വെന്തുരുകുന്ന വേനല്‍ചൂടില്‍ ലോട്ടറി വില്‍ക്കുന്നു. ഒരു മകളുണ്ട്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. മകളുടെ കല്ല്യാണം കഴിഞ്ഞതോടെ അവിടെ അവര്‍ അധികപറ്റായി. പറ്റാവുന്ന പണിയെടുത്ത് കൂടെ നിന്നു. പിന്നെ ആത്മാഭിമാനത്തിന് മുറിവേറ്റപ്പോള്‍ അവിടം വിട്ടു. 

ഇപ്പോള്‍ ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കെഎംകെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ലോട്ടറി വിറ്റു കിട്ടുന്ന തുക കൊണ്ട് വാടകയും അസുഖത്തിനുള്ള മരുന്നും നിത്യ ചിലവും കഴിക്കും. 

അമ്മ മകളെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. തീ തിന്ന് ജീവിച്ചതുകൊണ്ടാവാം കടുത്ത വേനലില്‍ അവര്‍ക്ക് വാട്ടമൊന്നുമില്ല. ചൂട് കൊണ്ട് മേലാകെ കരുവാളിച്ചിരിക്കുന്നു. ഒട്ടും മയമില്ലാതെ അവര്‍ പറഞ്ഞു. ആരുടെ മുന്നിലും കൈ നീട്ടാതെ തൊഴില്‍ ചെയ്തു ജിവിക്കണമെന്നാണ് 'മോനേ' ആഗ്രഹം. കഴിയുന്നത്ര കാലം ജീവിക്കാന്‍ നോക്കും ഇല്ലേ വല്ല വെഷോം വാങ്ങി തിന്നു ചാവും. ചത്താല്‍ കത്തിക്കേണ്ട. അതിന് ആധാര്‍ കാര്‍ഡും എപ്പോഴും കൊണ്ടു നടക്കുവാ മോനേ. 

അമ്പലനടയിറങ്ങുമ്പോള്‍ ശ്രീദേവിയമ്മയെപോലുള്ള അമ്മമാരായിരുന്നു മനസില്‍. ഇങ്ങിനെ എത്രയോ അമ്മമാര്‍ മാതൃദിനത്തില്‍ ഇതിനേക്കാള്‍ മോശപ്പെട്ട സാഹചര്യത്തില്‍ ജോലിചെയ്യുന്നുണ്ടാവും. ജാതിയും മതവും, ആചാരങ്ങളൊന്നും നോക്കാതെ ആരാണ് ഇവരെയൊക്കെ സഹായിക്കുക.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.