Latest News

ഇസ്ലാമിലേക്കു മതംമാറിയ യുവതിയുടെ വിവാഹം പിതാവ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അസാധുവാക്കി

കൊച്ചി:  ഇസ്ലാമിലേക്കു മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. മകളെ നിര്‍ബന്ധിച്ചു മതംമാറ്റിയെന്നും തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.[www.malabarflash.com] 

യുവതിയെ മാതാപിതാക്കള്‍ക്കെപ്പം വിട്ടയച്ച കോടതി ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന നിലയില്‍ വിവാഹക്കാര്യം മാതാപിതാക്കളുടെ സജീവ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്നും അസാധാരണ ഉത്തരവില്‍ വ്യക്തമാക്കി.

മതംമാറ്റത്തെത്തുടര്‍ന്നുള്ള കേസും സമാന വിഷയത്തില്‍ പാലക്കാട് ചെര്‍പ്പുളശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും ഡി.ജി.പി. നേരിട്ട് അന്വേഷിക്കണം. യുവതിക്കും മാതാപിതാക്കള്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും കേസിലുള്‍പ്പെട്ട സംഘടനകള്‍ക്കെതിരേ എത്രയുംവേഗം അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

 സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ മകള്‍ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും 23 വയസുകാരിയായ മകളെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് വൈക്കം  സ്വദേശിയായ പിതാവ് അശോകനാണ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണു മഞ്ചേരിയിലെ സത്യസരണി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇസ്ലാം മതം സ്വീകരിച്ചതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും കഴിഞ്ഞ ജുലൈയില്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്നപ്പോള്‍ അഖില ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് സഹായിയായി ഒപ്പമെത്തിയ സൈനബ  എന്ന സ്ത്രീക്കൊപ്പം അഖിലയെ താല്‍ക്കാലികമായി വിട്ടയച്ചു.

അഖിലയെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് കടത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്നു പിതാവ് കോടതിയില്‍ ബോധിപ്പിച്ചതോടെയാണു വിശദീകരണത്തിനായി യുവതിയെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

ഷഫീന്‍ ജഹാന്‍ എന്നയാളെ ഡിസംബര്‍ 19നു വിവാഹം കഴിച്ചെന്നു കോടതിയെ അഖില അറിയിച്ച മലപ്പുറം കോട്ടയ്ക്കല്‍ തന്‍വീറുള്‍ ഇസ്ലാം  സംഘം സെക്രട്ടറി നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്കു പണമടച്ചതിന്റെ രസീതും ഹാജരാക്കി.

എന്നാല്‍ ഹര്‍ജി പരിഗണനയിലിരിക്കേ വിവാഹം കഴിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച ഡിവിഷന്‍ ബെഞ്ച് വിവാഹം രജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്നു പഞ്ചായത്ത് സെക്രട്ടറിയോടു നിര്‍ദേശിച്ചു. പിന്നീട് വിശദമായ വാദം കേട്ടശേഷമാണു വിവാഹം അസാധുവാണെന്നു വിലയിരുത്തിയത്.

യുവതിയുടെ വിവാഹം നിയമപ്രകാരം നിലനില്‍ക്കില്ല. യുവതിയെ ഷഫീന് വിവാഹം ചെയ്തു കൊടുത്തത് സൈനബയും ഭര്‍ത്താവുമാണ്. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് വിവാഹം നടത്തിക്കൊടുക്കാന്‍ ഇവര്‍ക്കു യോഗ്യതയോ അധികാരമോയില്ല. ഇതിനാല്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നു.

എറണാകുളത്തെ ഹോസ്റ്റലില്‍നിന്നു വീട്ടിലേക്ക് അഖിലയെ എത്തിക്കാനും തുടര്‍ന്ന് മാതാപിതാക്കള്‍ക്കും അഖിലയ്ക്കും സംരക്ഷണം നല്‍കാനും കോട്ടയം എസ്.പി. നടപടിയെടുക്കണം. മഞ്ചേരിയിലെ സത്യസരണിയുള്‍പ്പടെ കേസിലുള്‍പ്പെട്ട സംഘടനകള്‍ക്കെതിരേ അന്വേഷിക്കണം. കേസ് അന്വേഷിച്ച പെരിന്തല്‍ മണ്ണ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്നു ഡി.ജി.പി. അന്വേഷിക്കണമെന്നും ആവശ്യമെങ്കില്‍ വകുപ്പുതല നടപടി എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.