Latest News

വൈദ്യൂതി പോസ്റ്റിന്റെ സ്‌റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ 15 കാരന്റെ കൈകള്‍ മുറിച്ചു മാറ്റി

കോട്ടയം: മരത്തില്‍ നിന്നും തെന്നിവീഴാതിരിക്കാന്‍ പിടിച്ച വൈദ്യൂതി പോസ്റ്റിന്റെ സ്‌റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ് രണ്ടു കയ്യും പൊള്ളലേറ്റ് വെന്തുപോയ പതിനഞ്ചു കാരന്റെ രണ്ടു കയ്യും മുറിച്ചു മാറ്റി. ഇടുക്കി വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മൂന്നാം ഡിവിഷന്‍ എസ്‌റ്റേറ്റിലെ ഇസക്കിരാജിന്റെ മകന്‍ വിജയകുമാറിനാണ് ഈ ദുരന്തം.[www.malabarflash.com]

വെന്തു ദ്രവിച്ച് ദുര്‍ഗ്ഗന്ധം വമിച്ച് തുടങ്ങിയ രണ്ടു കൈപ്പത്തികളും കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ മുറിച്ചുമാറ്റുകയായിരുന്നു. ഇനി കൃത്രിമ കയ്യുടെ സാധ്യത തേടുന്ന ഈ കുട്ടിയും കുടുംബവും അതിനും തുടര്‍ ചികിത്സയ്ക്കും മറ്റുമുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. പൊള്ളലില്‍ രക്തക്കുഴലുകള്‍ അടക്കം കരിഞ്ഞു പോയതിനാല്‍ കൈകള്‍ തിരിച്ചെടുക്കുക അസാധ്യമായി. മുറിവില്‍ തൊലി വെച്ചു പിടുപ്പിക്കുന്ന ചികിത്സയാണ് നടന്നു വരുന്നത്.

തമിഴ്‌നാട് എസ്എസ്എല്‍സി പരീക്ഷയില്‍ 500 ല്‍ 315 മാര്‍ക്ക് മേടിച്ച മിടുക്കന് അവധിയാഘോഷിക്കുമ്പോഴാണ് ദുരന്തത്തിന് ഇരയായത്. പേരയ്ക്ക പറിക്കാന്‍ കയറിയ പയ്യന്‍ മരക്കൊമ്പില്‍ നിന്നും കാല്‍ വഴുതിയപ്പോള്‍ വീഴാതിരിക്കാന്‍ സ്‌റ്റേ കമ്പിയില്‍ പിടിക്കുകയായിരുന്നു. ഇടതുകൈ വൈദ്യൂതാഘാതമേറ്റ് മോചിപ്പിക്കാന്‍ കഴിയാതെ വന്നതോടെ വലതുകൈകൊണ്ട് വലിച്ചെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വലതു കൈയ്ക്കും പൊള്ളലേല്‍ക്കുകയും വെന്തു പോകുകയുമായിരുന്നു. രണ്ടു കൈകളും ഷോക്കേറ്റ് ഒടുവില്‍ ബോധം കെട്ടു തെറിച്ചു പോകുകയായിരുന്നു.

കൈ വീണ്ടെടുക്കാനുള്ള വിവിധ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയത്. നാലു ദിവസം തീവ്ര പരിചരണ വിഭാഗത്തിലും പിന്നീട് സര്‍ജറി വിഭാഗത്തിലും ചികിത്സിച്ചെങ്കിലും കൈപ്പത്തികള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ വന്ന് മെയ് 1 ന് രണ്ടു കൈകളും മുറിച്ചു മാറ്റുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.