Latest News

ജുമുഅയ്ക്കുശേഷം പള്ളിയില്‍ കളക്ടറുടെ 'ഹരിത പ്രഭാഷണം'

മലപ്പുറം: റംസാനിലെ ആദ്യ വെള്ളിയാഴ്ച ഖുത്തുബയ്ക്കും ജുമുഅ നമസ്‌കാരത്തിനുംശേഷം പള്ളിയില്‍ അരങ്ങേറിയത് ജില്ലാകളക്ടറുടെ പ്രഭാഷണം.[www.malabarflash.com] 

ജില്ലയില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു കളക്ടറുടെ ഈ ഉദ്യമം. മലപ്പുറം കോട്ടപ്പടിയിലെ മസ്ജിദുല്‍ ഫതഹിലാണ് മലപ്പുറം ജില്ലാകളക്ടര്‍ അമിത് മീണ വിശ്വാസികളെ അഭിസംബോധനചെയ്തത്.

പരിസരശുചീകരണവും പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനവും ഭരണകൂടങ്ങളുടെ മാത്രം ചുമതലയല്ലെന്ന തിരിച്ചറിവില്‍നിന്നാണ് മസ്ജിദുല്‍ ഫതഹിന്റെ ഭാരവാഹികള്‍ ഇത്തരമൊരു സന്ദര്‍ഭമൊരുക്കിയത്. സംസ്ഥാനത്തുതന്നെ ഇത്തരമൊരു നടപടി ആദ്യമായിട്ടാണ്. 

റംസാന്‍ വ്രതാചരണം പരമാവധി ഗ്രീന്‍പ്രോട്ടോക്കോള്‍ അനുസരിച്ചാവണമെന്ന് മലപ്പുറത്തെ പല പള്ളികളിലും ആഹ്വാനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പള്ളിക്കമ്മിറ്റി കളക്ടറെത്തന്നെ പള്ളിയിലേക്ക് ക്ഷണിച്ചത്. സന്തോഷത്തോടെ അദ്ദേഹം എത്തുകയുംചെയ്തു. നമസ്‌കാരം കഴിഞ്ഞിരിക്കുന്ന വിശ്വാസികള്‍ക്കുമുന്നില്‍ സലാംചൊല്ലി രാജസ്ഥാന്‍ സ്വദേശിയായ കളക്ടര്‍ തനിക്കാവുന്ന മലയാളത്തില്‍ പരിസരശുചിത്വത്തിന്റെ പ്രാധാന്യം വിവരിച്ചു.

നോമ്പ് മനസ്സിനെ ശുദ്ധീകരിക്കും. എന്നാല്‍ ഇതോടൊപ്പം പരിസരവും ശുദ്ധീകരിക്കപ്പെടണം. ഇക്കാര്യത്തില്‍ നാം ഒരു തീരുമാനമെടുക്കുകയാണ് വേണ്ടത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, അത് ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കാന്‍ ശ്രമിക്കുക എന്നതൊക്കെ നമുക്ക് ചെയ്യാനാവും. 

ഭാവി തലമുറയ്ക്ക് മാലിന്യരഹിതമായ ഒരുനാട് നല്‍കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ഒരു നാടായി മലപ്പുറത്തെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ. ജ്യോതിഷ്, ഖത്തീബ് വി.ടി. അബ്ദുള്ളക്കോയ തങ്ങള്‍, അസി. കളക്ടര്‍ ശ്രീനിവാസ്, എന്‍.കെ. സദറുദ്ദീന്‍ എന്നിവരും സംസാരിച്ചു.



Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.