Latest News

ലീഗ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നവര്‍ക്ക് കുമ്പളയില്‍ ആവേശോജ്വല സ്വീകരണം

കാസര്‍കോട്: മുസ്ലിംലീഗിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ ലീഗ് വിട്ടവര്‍ക്ക് രക്തസാക്ഷി ഭാസ്‌ക്കര കുമ്പളയുടെ മണ്ണില്‍ ആവേശോജ്വല സ്വീകരണം.[www.malabarflash.com]

ഭീഷണികളും പ്രലോഭനങ്ങളും അതിജീവിച്ച് ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കാന്‍ ധീരത കാട്ടിയവരെ വരവേറ്റത് ആയിരങ്ങള്‍. രാജ്യത്ത് സംഘപരിവാര്‍ ഫാസിസത്തിനെതിരെ നെഞ്ചുറപ്പോടെ പൊരുതുന്ന സിപിഐ എമ്മിന് കരുത്തേകുമെന്ന പ്രഖ്യാപനവുമായി ഇരുന്നൂറ്റമ്പതോളം ലീഗ് പ്രവര്‍ത്തകരാണ് കുമ്പളയിലെ സ്വീകരണ പൊതുസമ്മേളനത്തില്‍ അണിനിരന്നത്. 

ലീഗ് മുന്‍ ജില്ലാ സെക്രട്ടറി കെ കെ അബ്ദുള്ളക്കുഞ്ഞി, മുന്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സിലര്‍ എം എ ഉമ്പു മുന്നൂര്‍, മംഗല്‍പാടി പഞ്ചായത്ത് പഞ്ചായത്ത് കൗണ്‍സിലര്‍മാരായ മുഹമ്മദ് ചിത്തൂര്‍, മുസ്തഫ ഉപ്പള ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 

പൊതുസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഹാരമണിയിച്ച് ഇവരെ സ്വീകരിച്ചു. ലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരെ അഭിമാനത്തോടെ പാര്‍ടി സ്വാഗതം ചെയ്യുകയാണെന്ന് കോടയേരി പറഞ്ഞു. 

അവര്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സൗകര്യം പാര്‍ടി ഒരുക്കിക്കൊടുക്കും. സിപിഐ എം ഉയര്‍ത്തിപ്പിക്കുന്ന രാഷ്ട്രീയ നയങ്ങള്‍ക്ക് മാത്രമെ മത ന്യൂപക്ഷങ്ങളെ സംരക്ഷിക്കാനാവുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇവര്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലീഗില്‍ ഉരുള്‍പൊട്ടല്‍ തുടങ്ങിയിരിക്കയാണ്. അബ്ദുള്ളക്കുഞ്ഞിയും സഹപ്രവര്‍ത്തകരും നല്ല സമയത്താണ് സിപിഐ എമ്മിലേക്ക് വരുന്നത്. ലീഗ് വിടുന്നവര്‍ക്ക് പാര്‍ടി എല്ലാവിധ പരിഗണനയും നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. 

കേന്ദ്രഭരണത്തിന്റെ പിന്തുണയോടെ രാജ്യത്താകെ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ ഫാസിസത്തെ ചെറുക്കാന്‍ ലീഗിന് കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ലീഗ് വിട്ടതെന്ന് അബ്ദുള്ള കുഞ്ഞി പറഞ്ഞു. വര്‍ഗീയ ഫാസിസത്തിനെതിരെ സിപിഐ എം സ്വീകരിക്കുന്ന ഉറച്ച നിലപാട് ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റുന്നതാണ്. മതേതര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് അങ്ങേയറ്റം അഭിമാനത്തോടെയാണ്. ഭക്ഷണത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഇടപെടുകയും ബീഫ് കഴിക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍ ലീഗിന് ഒരു പ്രതിരോധവും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 

കാസര്‍കോട് ജില്ലയില്‍ ലീഗ് നേതൃത്വം മാഫിയകളുടെ കൈകളിലാണ്. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ലീഗ് വിടുമെന്നും അബ്ദുള്ളക്കുഞ്ഞി വ്യക്തമാക്കി.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുമ്പള ഏരിയാ സെക്രട്ടറി പി രഘുദേവന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി പി സുബൈര്‍ സ്വഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.