Latest News

നവീന സാങ്കേതിവിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ നിര്‍മ്മാണം: മന്ത്രി ജി.സുധാകരന്‍

ചട്ടഞ്ചാല്‍: നവീന സാങ്കേതിവിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തലും നിര്‍മ്മാണവുമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. ചട്ടഞ്ചാല്‍ ജംഗ്ഷനില്‍ ഉദുമ മണ്ഡലത്തിലെ പ്രധാന റോഡുകളായ ഉദുമ- തെക്കില്‍, തെക്കില്‍- കീഴൂര്‍ എന്നീ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

ഉദുമ- തെക്കില്‍ റോഡ് ഒന്‍പതു മാസംകൊണ്ടും തെക്കില്‍- കീഴൂര്‍ റോഡ് ആറു മാസം കൊണ്ടും അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു. 

ഉദുമ-തെക്കില്‍ റോഡിനു 2.8 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും കരാര്‍ എടുത്തിരിക്കുന്നതു 45 ലക്ഷം രൂപ കുറച്ചാണ്. ബാക്കി വരുന്ന ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് എം.എല്‍.എയും പഞ്ചായത്തും എഞ്ചിനീയര്‍മാരും ആലോചിച്ച് എക്‌സ്റ്റിമേറ്റ് തന്നാല്‍ അനുവാദം നല്‍കും. 

സ്ഥലം എല്‍.എല്‍.എ: കെ.കുഞ്ഞിരാമന്റെ ആവശ്യം പരിഗണിച്ചാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബസ് ബേ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഫണ്ട് ഉപയോഗിച്ചു ചെയ്യാം. നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചട്ടഞ്ചാല്‍-ദേളി റോഡിനു കാന നിര്‍മ്മിക്കണമെന്ന നിവേദനം പരിഗണിച്ച് ഉപയോഗപ്രദമാണെങ്കില്‍ ഈ തുകയില്‍ നിന്ന് ഉപയോഗിക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു.
റോഡുകളുടെ നിര്‍മ്മാണത്തിനു റബര്‍, വെയ്‌സ്റ്റ് പ്ലാസ്റ്റിക്, കയര്‍ ഭൂവസ്ത്രം ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാം. അധികം ചെലവില്ലാതെ തന്നെ ഇത്തരം സാങ്കേതിക രീതികള്‍ പ്രയോജനപ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കാ. വെള്ളം താഴോട്ട് ഇറങ്ങി റോഡുകള്‍ നശിച്ചുപോകാതിരിക്കാന്‍ ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചട്ടഞ്ചാല്‍-കളനാട് റോഡിനു കാന നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ചെര്‍ക്കള ജംഗ്ഷനിലെ അശാസ്ത്രീയമായ നിര്‍മ്മാണം പൊളിച്ചുമാറ്റും. കാസര്‍കോടിന്റെ വികസനത്തിനു മന്ത്രി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ ജില്ലയിലെ അഞ്ച് എംഎല്‍എമാരും കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജനപക്ഷത്തുനിന്നുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷതവഹിച്ച റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഭൂരിഭാഗവും ഏറ്റെടുത്തു നടപ്പാക്കിക്കൊണ്ടിരിക്കുയാണ് ഈ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ മുഖ്യാതിഥിയായിരുന്നു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്(കോഴിക്കോട്) സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.വിനീതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദാലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജു കലാഭവന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.നാരായണന്‍, നാരായണന്‍ കരിച്ചേരി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എ. കുഞ്ഞിരാമന്‍ നായര്‍, എ.വി.രാമകൃഷ്ണ്‍, എം അനന്തന്‍ നമ്പ്യാര്‍, ഹരീഷ് ബി.നമ്പ്യാര്‍, പി.വി.മൈക്കിള്‍, മുഹമ്മദ് ടിംബര്‍ എന്നിവര്‍ പങ്കെടുത്തു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.