Latest News

ഡോ.ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണം: ജില്ലാ കലക്ടര്‍ക്കും എസ്പിക്കും നിവേദനം

കോട്ടയം: വിവാഹം അസാധുവാക്കി ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പമയച്ചതിനെത്തുടര്‍ന്ന് വീട്ടുതടങ്കലിലായ കോട്ടയം വൈക്കം ടിവി പുരം സ്വദേശി അഖില എന്ന ഡോ.ഹാദിയയെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡോ.ഹാദിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കോട്ടയം കലക്ടര്‍ക്കും ജില്ലാ പോലിസ് മേധാവിക്കും നിവേദനം നല്‍കി.[www.malabarflash.com]

ഒന്നരമാസക്കാലമായി ഹാദിയ വീട്ടുതടങ്കലിലാണ്. വീടിന് പുറത്തിറങ്ങാനോ സഞ്ചരിക്കാനോ സംവദിക്കാനോ ഉള്ള എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനോ അവരുടെ വിലാസത്തില്‍ വരുന്ന കത്തുകള്‍പോലും വായിക്കാനോ അവകാശമില്ലാതെ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങള്‍ ഇന്നവര്‍ നേരിട്ടുകൊണ്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നയും ഡോക്ടറുമായ യുവതിക്ക് സ്വന്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നിരിക്കെ, ഒരു പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ മൗലികാവകാശങ്ങളുടെയും ലംഘനമാണ് ഹാദിയയുടെ വിഷയത്തില്‍ നടന്നിരിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഒരുമാസത്തിലധികമായി ജനങ്ങളുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയുന്ന കുട്ടി കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹാദിയയുടെ നിലവിലെ അവസ്ഥ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ പൊതുപ്രവര്‍ത്തകരെന്ന നിലയില്‍ തങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, സാമൂഹികരംഗത്തും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരായ തങ്ങള്‍ക്ക് ഹാദിയയെ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിത്തരണമെന്ന് ഇരുവര്‍ക്കും നല്‍കിയ നിവേദനത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

നിവേദനം സ്വീകരിച്ച പോലിസ് മേധാവിയുടെ ഓഫിസ് കുട്ടിയുടെ അച്ഛന്റെ ആവശ്യപ്രകാരമാണ് ഇത്തരമൊരു സുരക്ഷയൊരുക്കിയിരിക്കുന്നതെന്ന മറുപടിയാണ് നല്‍കിയത്. ഹൈക്കോടതിയെ സമീപിച്ച് സന്ദര്‍ശാനുമതി വാങ്ങണമെന്നും ഇവര്‍ അറിയിച്ചു.
അതേസമയം, നിവേദനം സ്വീകരിക്കാനോ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ കാണാനോ ജില്ലാ കലക്ടര്‍ സി എ ലത ആദ്യം കൂട്ടാക്കിയില്ല. ഹൈക്കോടതിയുടെ ഇടപെടലുള്ളതിനാല്‍ നിവേദനം സ്വീകരിക്കാനോ തന്നെ കാണാന്‍ സംഘത്തിന് അനുമതി നല്‍കാനോ കഴിയില്ലെന്നായിരുന്നു കലക്ടറുടെ നിലപാട്. ഒടുവില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് സംഘത്തിലെ രണ്ടുപേരെ മാത്രം കടത്തിവിടുകയും നിവേദനം വാങ്ങിവയ്ക്കുകയുമാണ് കലക്ടര്‍ ചെയ്തത്. 

ആക്ഷന്‍ കൗണ്‍സില്‍ ജോ. കണ്‍വീനര്‍ ബാബിയ ടീച്ചര്‍, ചന്ദ്രിക താമരക്കുളം, റസിയ ഷഹീര്‍, ഇര്‍ഷാന ഷനോജ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.