Latest News

കണ്ണൂരില്‍ മുസ്ലീം ലീഗില്‍ കൂട്ടരാജി; യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും പ്രവര്‍ത്തകരും സിപിഐ എമ്മില്‍

കണ്ണൂര്‍: യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന മൂസാന്‍കുട്ടി നടുവിലും സഹപ്രവര്‍ത്തകരും സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ഭാരവാഹികളടക്കമുള്ള 52 പ്രവര്‍ത്തകരുമായി ഞായറാഴ്ച വൈകിട്ട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയാണ് പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചത്.[www.malabarflash.com]

സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍, സംസ്ഥാനകമ്മിറ്റിയംഗം കെ പി സഹദേവന്‍, ജില്ലാസെക്രട്ടറിയറ്റംഗം കെ എം ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അഴിമതിക്കാരെ മുസ്ലിംലീഗ് നേതൃത്വം സംരക്ഷിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് അധ:പതിച്ചു. എന്നിട്ടും ലീഗ് നേതൃത്വം ഒരക്ഷരം മിണ്ടാതെ അവരെ പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ചാണ് ലീഗ് വിടാന്‍ തീരുമാനിച്ചതെന്ന് മൂസാന്‍കുട്ടി പറഞ്ഞു. 

മതനിരപേക്ഷതക്കുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കുന്നത് സിപിഐ എമ്മാണ്. അതിനാലാണ് ആ പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഈ നിലപാട് ശരിയാണെന്ന് മനസിലാക്കി കൂടുതല്‍പേര്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതൃത്വത്തിലുണ്ടായിരുന്ന പുറത്തിയില്‍ പള്ളിയിലെ ധനാപഹരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ലീഗ് നേതാവിനെതിരെയും ലീഗിന് കീഴിലുള്ള കാവുംപടിയിലെ സിഎച്ച്എം സ്‌കൂളിലെ കോടികളുടെ അഴിമതിക്കെതിരെയും പ്രതികരിച്ചതിന് മൂസാന്‍കുട്ടിയെ ലീഗ് പുറത്താക്കിയിരുന്നു. 

പണാപഹരണക്കേസില്‍ പ്രതിയായ ലീഗ് നേതാവ് ജയിലില്‍നിന്നിറങ്ങിയപ്പോള്‍ പച്ച മാലയിട്ടു സ്വീകരിക്കുകയായിരുന്നു നേതൃത്വം. ഇതിനെതിരെ നവമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോള്‍ നിരവധി യുവാക്കള്‍ മൂസാന്‍കുട്ടിയെ പിന്തുണച്ചു. പ്രശ്‌നം വിവാദമായിട്ടും അഴിമതിക്കാരെ ലീഗ് നേതൃത്വം പിന്തുണക്കുന്ന സാഹചര്യത്തിലാണ് പാര്‍ടി വിടാന്‍ തീരുമാനിച്ചതെന്ന് മൂസാന്‍കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് ന്യൂനപക്ഷസെല്‍ നേതാക്കളായ ഒ വി ജാഫര്‍, പി കെ മൊയ്തീന്‍കുട്ടി, നസീര്‍ കല്ലത്ത്, കര്‍ഷകകോണ്‍ഗ്രസ് നേതാവ് അഡ്വ. കെ ജെ ജോസഫ് തുടങ്ങിയവര്‍ അടുത്ത നാളുകളില്‍ സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവരാണെന്നും കൂടുതല്‍ രാഷ്ട്രീയമാറ്റം ഇനിയുമുണ്ടാകുമെന്നും പി ജയരാജന്‍ പറഞ്ഞു.
ലീഗുമായുള്ള ബന്ധം ഉപേക്ഷിച്ചുവന്നവര്‍ക്ക് 27ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലും 29ന് നടുവിലും സ്വീകരണം നല്‍കും. കണ്ണൂരില്‍ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

യൂത്ത്‌ലീഗ് വിളക്കന്നൂര്‍ ശാഖപ്രസിഡന്റ് ജമാല്‍ പള്ളക്കല്‍, സെക്രട്ടറി കെ എച്ച് റാഷിദ്, ജോ. സെക്രട്ടറി കെ നജ്മല്‍, നടുവില്‍ പഞ്ചായത്ത്‌സെക്രട്ടറി അബ്ദുള്‍ റസാഖ്, വൈസ് പ്രസിഡന്റ് മിഥിരാജ്, ജോ. സെക്രട്ടറി പി എ റാഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.