Latest News

പയ്യന്നൂരില്‍ സി.പിഎം- ബി.ജെ.പി സംഘര്‍ഷം; സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്, ബി.ജെ.പി ഓഫീസുകള്‍ക്ക് നേരെ ആക്രമണം

പയ്യന്നൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരെ പയ്യന്നൂര്‍ കക്കംപാറയില്‍ ബോംബേറ്. അനുസ്മരണത്തില്‍ പങ്കെടുക്കാനായി എട്ടിക്കുളത്ത് നിന്ന് ബൈക്കിലെത്തിയ മുപ്പതോളം പ്രവര്‍ത്തകര്‍ക്കുനേരെയാണ് ബോംബേറുണ്ടായത്.[www.malabarflash.com]

എട്ടിക്കുളം സ്വദേശികളായ അന്‍സാര്‍(21), അഷ്ഫാക്(19), അതീബ് (22), സുഫൈര്‍ (22), നജീബ് (17), ഷമല്‍ (19), മുഹമ്മദ് (19), ബുഷാജര്‍ (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെയാണ് അക്രമം നടന്നത്. മൂന്ന് സ്റ്റീല്‍ ബോംബുകളാണ് അക്രമിസംഘം എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇതിനുപിന്നാലെ പയ്യന്നൂര്‍ മുകുന്ദ ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെയും ബോംബേറുണ്ടായി. ബോംബേറില്‍ കെട്ടിടത്തിനു തീപിടിച്ച് നാശനഷ്ടമുണ്ടായി.

തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ബി.ജെ.പി ഓഫിസിന്റെ വാതിലുകളും ജനലുകളും തകര്‍ത്തു. കക്കംപാറയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി ജനാര്‍ദനന്റെയും, സി.പി.എം പ്രവര്‍ത്തകന്‍ പ്രസാദിന്റെ വീട് തകര്‍ത്തു. ആര്‍.എസ്.എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹക് രാജേഷ് കാരയുടെ വീട് അടിച്ചുതകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇയാളുടെ ഉടസ്ഥതയിലുള്ള രണ്ടു മിനി ബസുകളും തീവച്ച് നശിപ്പിച്ചു.

കോറോം നോര്‍ത്തിലെ ബി.ജെ.പി പ്രവര്‍ത്തകനായ പനക്കീല്‍ ബാലകൃഷ്ണന്റെ വീട് തകര്‍ക്കുകയും ഓട്ടോറിക്ഷ തീവച്ച് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂരില്‍ ബുധനാഴ്ച ഹര്‍ത്താലിന് ബി.ജെ.പി ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു. കാലത്ത് ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടില്ല.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് എസ്.പിയുടെ കീഴില്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പയ്യന്നൂരില്‍ ക്യാംപ് ചെയ്യുന്നുണ്ട്.




Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.