Latest News

പയ്യന്നൂരിലെ അക്രമം: 23 കേസുകള്‍, ആയിരത്തിലേറെ പ്രതികള്‍

പയ്യന്നൂർ: അക്രമസംഭവങ്ങൾ നടന്ന പയ്യന്നൂരിൽ 23 കേസുകൾ പോലീസ് റജിസ്റ്റർ ചെയ്തു. ഇതിൽ 1500ൽ അധികം പ്രതികളുണ്ട്. ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായി.[www.malabarflash.com] 

സിപിഎം നേതാവായിരുന്ന കുന്നരുവിലെ സി.വി. ധനരാജ് രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്ന സിപിഎം പ്രവർത്തകർക്കെതിരെ ബോംബെറിഞ്ഞതോടെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ വീടുകളും വാഹനങ്ങളും ഓഫിസുകളും തീവച്ചും ബോംബെറിഞ്ഞും തകർത്തിരുന്നു.

ഇതിൽ എട്ടു സിപിഎം പ്രവർത്തകരുടെ പരാതിയിലും 15 ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ പരാതിയിലുമാണു കേസെടുത്തിട്ടുള്ളത്. അതേസമയം വ്യാഴാഴ്ച അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രതികൾക്കു വേണ്ടി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നു. സംഭവവുമായി ബന്ധപ്പെട്ടു 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ‌ 200ൽ അധികം പോലീസുകാരെ പയ്യന്നൂർ നഗരസഭ രാമന്തളി, കരിവെള്ളൂർ–പെരളം, കുഞ്ഞിമംഗലം, കാങ്കോൽ–ആലപടമ്പ് പഞ്ചായത്തുകളിലായി വിന്യസിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പയ്യന്നൂരിൽ ക്യാംപ് ചെയ്യുന്നു.

ആക്രമിക്കപ്പെട്ട വീടുകൾ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവർ സന്ദർശിച്ചു. നാട്ടിൽ സമാധാനം പുലരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പയ്യന്നൂരിൽ വന്ന് അക്രമത്തിനു വിധേയമായ വീടുകൾ നേരിട്ടു കണ്ട് ഇതെന്തിനു ചെയ്തുവെന്നു സ്വന്തം അണികളോടു ചോദിക്കണമെന്നു കുമ്മനം ആവശ്യപ്പെട്ടു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.