Latest News

ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ; വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ കൂടിയായ സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലൻസ് എസ്പി: ജയകുമാറിനാണ് അന്വേഷണ ചുമതല.[www.malabarflash.com]

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലർ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡൽഹിയിലേക്കു കുഴൽപ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെൽ കൺവീനർ സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ, ആരോപണ വിധേയനായ പാർട്ടി സഹകരണ സെൽ സംസ്ഥാന കൺവീനർ ആർ.എസ്. വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടുകയും ചെയ്തു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. പരാതിക്കാരൻ രമേശിനെക്കുറിച്ചു നൽ‍കിയ മൊഴിയായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. 

പാലക്കാട് ചെർപ്പുളശേരിയിൽ കേരള മെഡിക്കൽ കോളജ് എന്ന സ്ഥാപനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാൻ രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി തന്റെ വർക്കലയിലുള്ള എസ്ആർ മെഡിക്കൽ കോളജിനായി പണം നൽകി എന്നാണു കോളജ് ഉടമ ആർ.ഷാജിയുടെ മൊഴി. പണം നൽകിയശേഷം ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നതോടെ ഷാജി ബിജെപി നേതൃത്വത്തിനു പരാതി നൽകിയതാണ് അന്വേഷണത്തിനു വഴിവച്ചത്.

എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ എം.ടി. രമേശ് നിഷേധിച്ചിരുന്നു. മെഡിക്കൽ കോളജ് പോയിട്ട് ഒരു നഴ്സറി സ്കൂൾ പോലും വാങ്ങിച്ചുകൊടുക്കാൻ കഴിയാത്ത ആളാണ് താനെന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.