Latest News

മഅദനിയുടെ സുരക്ഷാച്ചെലവ് 15 ലക്ഷത്തിൽ‌നിന്ന് 1.18 ലക്ഷമാക്കി

ന്യൂഡൽഹി: പിഡിപി അധ്യക്ഷൻ അബ്‌ദുൽ നാസർ മഅദനിയുടെ സുരക്ഷാ ചെലവിനുള്ള തുക കർണാടക സർക്കാർ 1,18,000 രൂപയാക്കി കുറച്ചു. ഈ തുക സുപ്രീംകോടതി അംഗീകരിച്ചു.[www.malabarflash.com] 

14,80,000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. കൂടാതെ കേരളത്തിൽ കഴിയാവുന്ന ദിവസങ്ങളും കൂട്ടി. ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ മഅദനിക്ക് ഓഗസ്റ്റ് ആറുമുതൽ 19 വരെ കേരളത്തിൽ കഴിയാനും കോടതി അനുമതി നൽകി.

മഅദനിയുടെ പുതുക്കിയ സുരക്ഷാചെലവ് എത്രയാണെന്നു അറിയിക്കാൻ കര്‍ണാടക സര്‍ക്കാരിനോടു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കു യാത്രാബത്തയും ദിനബത്തയും മാത്രം നല്‍കിയാല്‍ മതിയെന്നും കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ദിനബത്തയും യാത്രാബത്തയും മാത്രം ഉൾപ്പെടുന്ന തുക എത്രയെന്നു വ്യക്‌തമാക്കാൻ ജഡ്‌ജിമാരായ എസ്.എ.ബോബ്‌ഡെയും എൽ.നാഗേശ്വര റാവുവും ഉൾപ്പെട്ട ബെഞ്ചാണു കർണാടക സർക്കാരിനോടു നിർദേശിച്ചത്. മഅദനിയുടെ സുരക്ഷ കര്‍ണാടക സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.

സുരക്ഷാചെലവായി 15 ലക്ഷം രൂപയോളം കര്‍ണാടക പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മഅദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലായിരുന്നു. സുരക്ഷയൊരുക്കാൻ വലിയ തുക കെട്ടിവയ്‌ക്കണമെന്ന കർണാടക പോലീസിന്റെ ആവശ്യത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനമാണു ഉന്നയിച്ചത്. മഅദനിക്കു കേരളത്തിൽ സുരക്ഷ നൽകാമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം കോടതി തള്ളി. 

ആരുടെ ഒത്താശയിലാണു പോലീസിന്റെ നിലപാടെന്നും മഅദനിയുടെ യാത്ര തടസ്സപ്പെടുത്തുകയാണോ ഉദ്ദേശ്യമെന്നും ചോദിച്ച കോടതി, തങ്ങളുടെ ഉത്തരവിനെ ഗൗവരമായി എടുക്കണമെന്നും കർണാടകയ്‌ക്കു മുന്നറിയിപ്പു നൽകിയിരുന്നു.

മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്കു പോയപ്പോൾ ആകെ 18,000 രൂപയാണു സുരക്ഷാച്ചെലവിനു നൽകിയതെന്നു മഅദനിക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും വാദിച്ചു. അന്നു നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 19 പേർ. ആവശ്യപ്പെടുന്നതു 15 ലക്ഷം രൂപ. 

ജാമ്യത്തിലായിരിക്കെ മാതാവിനെ കാണാൻ പോയപ്പോൾ ഒരു പൈസയും നൽകേണ്ടിവന്നില്ല. എന്താണിതെന്നു കോടതി കർണാടകയുടെ അഭിഭാഷകൻ ജെ.അരിസ്‌റ്റോട്ടിലിനോടു ചോദിച്ചു. അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് മഅദനിക്കെതിരെ ആരോപിക്കപ്പെടുന്നതെന്നും സുരക്ഷാച്ചെലവിനായി 12.54 ലക്ഷം രൂപയും നികുതിയുമാണ് ആവശ്യപ്പെട്ടതെന്നുമാണ് കഴിഞ്ഞദിവസം അഭിഭാഷകൻ പറഞ്ഞത്.


Monetize your website traffic with yX Media

 Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.