Latest News

പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി; രക്തംകൊണ്ട് മാപ്പെഴുതി കുട്ടിമോഷ്ടാവ്

കിളിമാനൂര്‍: സാമൂഹ്യമാധ്യമങ്ങള്‍ തുണയായി. വിദ്യാര്‍ഥിയായ മോഷ്ടാവ് മോഷണമുതല്‍ തിരികെ നല്‍കി. ഒപ്പം രക്തത്തില്‍ കുറിച്ച ക്ഷമാപണവും. കല്ലമ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.[www.malabarflash.com] 

പുതുശേരിമുക്കിലെ നിസാം തന്റെ വീട്ടില്‍നിന്ന് വിലയേറിയ ചെരിപ്പുകളും ആഡംബരവസ്തുക്കളും മോഷണം പോകുന്നതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്കൊപ്പം ചെരുപ്പുകള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടങ്ങിയ സിഡിയും പോലീസിന് കൈമാറി. തെളിവുകള്‍ ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചു. 

മോഷ്ടാവിനെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ എസ്ഐ ബി കെ അരുണ്‍ ഫെയ്സ്ബുക്ക് അടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് വേഗത്തില്‍ വൈറലായി.
മോഷണംപോയ ചെരിപ്പുകള്‍ ഒരുകേടും വരുത്താതെ അടുത്തദിവസം നിസാമിന്റെ വീട്ടുസമീപത്ത് കണ്ടെത്തി. ഒപ്പം ചോരകൊണ്ടും മഷികൊണ്ടും എഴുതിയ കള്ളന്റെ കരളലിയിക്കുന്ന കത്തുമുണ്ടായിരുന്നു. താനൊരു വിദ്യാര്‍ഥിയാണെന്നും ജീവിതം തകര്‍ക്കരുതെന്നുമാണ് കത്തിലെ ഉള്ളടക്കം. 

പോലീസ് പിടിച്ചാല്‍ മറ്റ് പല കേസുകളിലും തന്നെ പ്രതിയാക്കി ജീവിതം തകര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. മാനസികസമ്മര്‍ദംകൊണ്ട് ചാകാറായെന്നും ദയവായി ഫെയ്സ്ബുക്ക്പോസ്റ്റ് പിന്‍വലിക്കണമെന്നുമുള്ള അഭ്യര്‍ഥനയോടെയാണ് കത്ത് അവസാനിക്കുന്നത്. എന്തായാലും മോഷണംപോയ വിലകൂടിയ ചെരുപ്പുകള്‍ വീണ്ടുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാര്‍. 



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.