തൃക്കരിപ്പൂര്‍: സിപിഎം പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം. അന്‍പതില്‍ പരം മുസ്‌ലിം യൂത്ത് ലീഗ്–സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]
കഴിഞ്ഞ ദിവസം പടന്ന മൂസാ ഹാജി മുക്കില്‍ ടൗണ്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം യൂത്ത് ലീഗ്, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി.
പൊതുയോഗം നടക്കുന്ന കേന്ദ്രത്തിലേക്ക് ആദ്യം സോളിഡാരിറ്റി പ്രവര്‍ത്തകരും പിന്നാലെ സംഘടിതരായ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുദ്രാവാക്യവുമായി അതിക്രമിച്ചു കടന്നുവെന്നാണ് ആക്ഷേപം.
അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മറ്റുമായി യു.കെ.മുഷ്ത്താഖ്, പി.കെ.കമറുദ്ദീന്‍, വി.കെ.മഖ്‌സൂദലി, എച്ച്.എം.കുഞ്ഞബ്ദുല്ല, ടി.കെ.നൂറുദ്ദീന്‍, പി.ലത്തീഫ് തുടങ്ങി അന്‍പതില്‍പരം പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
അതേ സമയം, മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന ഭാഗമായുള്ള പ്രതിഷേധമാണ് പടന്നയില്‍ നടത്തിയ പ്രകടനമെന്നും പൊതുയോഗ സ്ഥലത്ത് എത്തിയപ്പോള്‍ മുദ്രാവാക്യം വിളികളില്ലാതെ കടന്നുപോയ ജാഥയെ ആക്രമിക്കാന്‍ സിപിഎം നേതാക്കളാണ് ശ്രമിച്ചതെന്നും യൂത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
യൂത്ത് ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനാണ് സിപിഎമ്മിന്റെ നീക്കമെന്നും ഇവര്‍ ആരോപിച്ചു. ജാഥയെ ആക്രമിക്കാന്‍ ശ്രമിച്ചതായി യൂത്ത് ലീഗും പോലീസില്‍ പരാതിപ്പെട്ടു.
No comments:
Post a Comment