Latest News

വ്യാജരേഖ ചമച്ച് സ്വത്തു തട്ടിയെടുക്കൽ: ശൈലജയും ഭർത്താവും കീഴടങ്ങി

കണ്ണൂര്‍: സഹകരണ ഡപ്യൂട്ടി രജിസ്ട്രാറും തളിപ്പറമ്പ് സ്വദേശിയുമായിരുന്ന ബാലകൃഷ്ണന്റെ കോടികള്‍ വിലവരുന്ന സ്വത്തു തട്ടിയെടുത്തെന്ന കേസില്‍ മുഖ്യപ്രതികളായ പയ്യന്നൂരിലെ അഭിഭാഷക കെ വി ശൈലജയും ഭര്‍ത്താവ് പി കൃഷ്ണകുമാറും കീഴടങ്ങി. തളിപ്പറമ്പ് ഡിവൈ എസ് പി മുമ്പാകെയാണ് ഇരുവരും കീഴടങ്ങിയത്.[www.malabarflash.com

ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഒളിവിലായിരുന്ന ഇവര്‍ക്കായി പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. കേസിലെ മറ്റൊരു പ്രതിയും ശൈലജയുടെ സഹോദരിയുമായ ജാനകിയെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ബാലകൃഷ്ണന്റെ കോടിക്കണക്കിന്  രൂപ മതിപ്പു വിലവരുന്ന സ്വത്തുക്കളെ കുറിച്ച് മനസ്സിലാക്കിയ ശൈലജ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ചിരുന്നെന്ന വ്യാജരേഖകളുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് കേസ്. 

2011ല്‍ അസുഖബാധിതനായി തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലകൃഷ്ണനെ ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് ചികിത്സക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നതിനിടെ മരണമടയുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില്‍ എത്തുന്നതിനു മുമ്പെ മരണപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. 

ബന്ധുക്കളെന്ന് വിശ്വസിപ്പിച്ച് മൃതദേഹം ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ ഇരുവരും ഷൊര്‍ണൂരിലെ ശാന്തിതീരത്ത് സംസ്‌കരിച്ചു. പിന്നീട് നാട്ടിലെത്തിയ ശേഷം ജാനകി 1980ല്‍ തന്നെ ബാലകൃ്ഷണനെ വിവാഹം കഴിച്ചെന്ന വ്യാജരേഖയുണ്ടാക്കി. വിവാഹ ക്ഷണക്കത്തും ഫോട്ടോയും വ്യാജമായി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തുപരത്തുണ്ടായിരുന്ന ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ സഹോദരി ജാനകിയുടെ പേരിലേക്കും പിന്നീട് അഭിഭാഷകയുടെ പേരിലേക്കും മാറ്റിയെന്നും പോലീസ് കണ്ടെത്തി. 

നാട്ടുകാര്‍ രൂപീകരിച്ച കര്‍മസമിതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. താന്‍ ആരെയും വിവാഹം കഴിച്ചിട്ടില്ലെന്ന് ജാനകി പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.