Latest News

സന ഇഖ്ബാലിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

ഹൈദരാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തിയതിലൂടെ ശ്രദ്ധേയയായ സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന് അവരുടെ അമ്മ അരോപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com] 

 സനയുടെത് ആസൂത്രിതമായ കൊലപാതകമാണെന്നും അവരുടെ ഭര്‍ത്താവ് അത് അപകടമരണമാക്കിമാറ്റുകയാണെന്നുമാണ് അമ്മയുടെ ആരോപണം.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപം നടന്ന അപകടത്തിലാണ് സന മരിച്ചത്. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നദീമിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. അലക്ഷ്യമായി കാര്‍ ഓടിച്ചതിന് അബ്ദുല്‍ നദീമിനെതിരെ കേസെടുത്തിട്ടുണ്ട്.

സനയുടെ കുടുംബത്തിന്റെ ആരോപണം പരിശോധിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തന്റെ ജീവന്‍ അപകടത്തിലാണെന്നും മരണം സംഭവിച്ചാല്‍ ഭര്‍ത്താവായിരിക്കും ഉത്തരവാദിയെന്നും സന അവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കുള്‍ക്കും ഫോണ്‍ സന്ദേശമയച്ചിരുന്നു.

എന്നാല്‍ സനയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിന് അപകടവുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. പ്രാഥമിക അന്വേണത്തില്‍ കൊലപാതകമാണ് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ പര്യടനം നടത്തിയതാണ് സനയെന്ന ഹൈദരാബാദ് സ്വദേശിനിയെ ശ്രദ്ധേയയാക്കിയത്. 'ആത്മഹത്യകളും വിഷാദരോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്കരണ യാത്ര' എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച ബുള്ളറ്റിലായിരുന്നു സനയുടെ യാത്രകള്‍.

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ്.സി.എം.എസ്. കാമ്പസിലും സന എത്തിയിരുന്നു. ജീവിതത്തില്‍ ഒരു ഘട്ടത്തിലും നിങ്ങള്‍ കണ്‍ഫ്യൂഷന് അടിമയാകരുത്. അത് ആത്മവിശ്വാസത്തെയും മനക്കരുത്തിനെയും ദുര്‍ബലമാക്കും. എന്തിനും ഏതിനും ശാശ്വതമായ പരിഹാരവും പരിസമാപ്തിയും നമ്മളില്‍ത്തന്നെയുണ്ട്. സംവദിക്കാനെത്തിയ കുട്ടികളോട് അന്ന് സന പറഞ്ഞു. ഹര്‍ഷാരവത്തോടെയായിരുന്നു അന്ന് സനയുടെ വാക്കുകള്‍ കുട്ടികള്‍ സ്വീകരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.