Latest News

ഖാസിയുടെ കൊലപാതകം: നീലേശ്വരം സ്വദേശികളെ കുറിച്ച് അന്വേഷണം

കാഞ്ഞങ്ങാട്: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവി വധക്കേസിന്റെ ഗൂഢാലോചന നടന്നത് നീലേശ്വരത്താണെന്ന വെളിപ്പെടുത്തല്‍ കേസിനെ വഴിത്തിരിവിലാക്കും. സിബിഐ അന്വേഷിച്ച് ഒടുവില്‍ ആത്മഹത്യയാണെന്ന് വിധിയെഴുതി അന്വേഷണം അവസാനിപ്പിച്ച കേസാണ് വഴിത്തിരിവിലായത്.[www.malabarflash.com]

ഖാസിയെ വധിച്ചവരാണെന്ന് സംശയിക്കുന്ന രണ്ട് മലപ്പുറം സ്വദേശികളെ ചെമ്പിരിക്കയില്‍ കൊണ്ടുവിട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
നീലേശ്വരം സ്വദേശികളായ രണ്ടുപേരാണ് ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ ഡ്രൈവര്‍ വെളിപ്പെടുത്തിയ രണ്ടുപേരിലൊരാള്‍ ഡ്രൈവറുടെ ഭാര്യാപിതാവായ അന്യജില്ലക്കാരനായ വൈദ്യരാണ്. മറ്റൊരാള്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നേരത്തേ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. 

ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ അന്വേഷണം നടത്തി. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വൈദ്യര്‍ ഇപ്പോള്‍ നാട്ടിലില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. നീലേശ്വരത്തെ പഴയകാല ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നും ഇവരുടെ സുഹൃത്തുക്കളില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറുടെ വെളിപ്പെടുത്തലിന്റെ വിശ്വാസ്യതയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
നീല്വേശ്വരത്തിനടുത്തെ ദിനേശ്ബീഡി കമ്പനിക്ക് സമീപം താമസിച്ചിരുന്ന ഈ വൈദ്യന്‍ ഇപ്പോള്‍ അവിടെ നിന്നും കുടുംബസമേതം താമസം മാറിയിട്ടുണ്ട്. നീലേശ്വരത്ത് അധികമൊന്നും ഉണ്ടാകാറില്ലാത്ത ഇദ്ദേഹം ആലുവ, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ബിസിനസ് നടത്തുന്നതെന്നും അന്വേഷണത്തില്‍ സൂചന ലഭിച്ചു. 

അതേ സമയം പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് പിഡിപി, മുസ്‌ലിംലീഗ് തുടങ്ങിയവര്‍ രംഗത്ത് വന്നു.
സി എം ഉസ്താദിന്റെ ദുരൂഹ മരണം സംബന്ധിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 

2011 ലെ കാഞ്ഞങ്ങാട് കലാപത്തിന് സിപിഎം കരുവാക്കി ഉപയോഗിച്ച 'തീ പിടിച്ച ഓട്ടോറിക്ഷ'യുടെ പങ്കാളിത്തം കൂടി പുതിയ വെളിപ്പെടുത്തലില്‍ അനാവരണം ചെയ്യപ്പെടുന്നു എന്നതും പുതിയ ശബ്ദ രേഖയുടെ ഉടമ ഈ കൊലക്കു പിന്നിലെ ശക്തിയെന്ന് പറയുന്നവര്‍ക്കുള്ള ഭരണകക്ഷി ബന്ധവും അന്വേഷിക്കണമെന്നും ബശീര്‍ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു.
സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഇരുട്ടില്‍ത്തപ്പുകയാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ അഹ്മദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പല നിര്‍ണായക തെളിവുകള്‍ ശേഖരിച്ച പിഡിപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ കഴിഞ്ഞ ദിവസം തെളിവുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഖാസിയുടെ കൊലപാതകം അന്വേഷിച്ച സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

പിഡിപി ഖാസിയുടെ ഘാതകരെപ്പറ്റിയുള്ള തെളിവുകള്‍ ശേഖരിച്ചുവരുന്നതിനിടയില്‍ നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ശക്തമായ സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഖാസിയുടെ കൊലപാതകത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.