Latest News

സാദിഖ് കാവിൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'റെഡ്' യു ട്യൂബിൽ

ദുബൈ: പ്രേക്ഷകരുടെ ഇടനെഞ്ച് പൊള്ളിക്കുന്ന പ്രമേയവുമായി ദുബൈയില്‍ നിന്നൊരു ഹ്രസ്വചിത്രം– 'റെഡ്'. ദുബൈയിൽ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാസർകോട് സ്വദേശി സാദിഖ് കാവിൽ, ഫൈസൽ ബിൻ അഹമ്മദ് എന്നിവർ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം ദുബൈയിലെ ഒരു കെട്ടിട നിർമാണ തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.[www.malabarflash.com]

പേരില്ലാത്ത മധ്യവയസ്കനായ തൊഴിലാളി വൈകിട്ട് ജോലി കഴിഞ്ഞ് ധൃതിയിൽ പുറപ്പെടുന്നത് എവിടേയ്ക്കാണെന്ന ചോദ്യം എല്ലാവരിലും ഉയർത്തിക്കൊണ്ടാണ് 'റെഡ്' ആരംഭിക്കുന്നത്. 

സഹപ്രവർത്തകരും മറ്റും ഇൗ യാത്രയെ പലതരത്തിൽ വ്യാഖ്യാനിക്കുന്നു. എന്നാൽ, ഇതിന് പിന്നിൽ ഒരു പ്രധാന കാരണമുണ്ടായിരുന്നു. അത് പ്രേക്ഷകരുടെ കണ്ണ് നിറയിക്കുന്നു. കാണുന്നവർ‌ക്ക് ഒരിക്കലും ഉൗഹിച്ചെടുക്കാൻ സാധിക്കാത്ത ആ സസ്പെൻസാണ് ഇൗ കൊച്ചു ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. 

ചിത്രം കഴിഞ്ഞ ദിവസം ദുബൈയിലെ മാധ്യമപ്രവർത്തകരുടെ മുൻപിൽ പ്രദർശിപ്പിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്.
കഴിഞ്ഞവർഷം അബുദാബിയിൽ നടന്ന ഭരത് മുരളി നാടകോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ സ്വദേശി അഷ്റഫ് കിരാലൂരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിജു പന്തളം, അലോഷ്യസ് ആന്‍ഡ്രൂസ്, ലിജു തങ്കച്ചൻ, രഞ്ജിനി രാജൻകുട്ടി എന്നിവരോടൊപ്പം ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരായ ഒട്ടേറെ തൊഴിലാളികളും വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിർവഹിച്ചതും മാധ്യമപ്രവർത്തകർ തന്നെ–തൻവീർ കണ്ണൂർ, സുജിത് സുന്ദരേശൻ, എെജു ആൻ്റോ എന്നിവർ. 

ബൈലൈൻ മീഡിയ നിർമിച്ച അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ മറ്റു അണിയറ പ്രവർത്തകർ: സംഗീതം: റിനിൽ ഗൗതം, ശബ്ദലേഖനം: അജയ് ജോസഫ്, ഡിക്സൺ ആലിസ് പൗലോസ്. മെയ്ക്കപ്പ്: സന്തോഷ് സാരംഗ്, ഷിജി താനൂർ. ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു ശബ്ദസാന്നിധ്യമായി ചിത്രത്തിലുണ്ട്. ആസ്റ്റർ ഡിഎം മെഡിക്കൽ ഗ്രൂപ്പാണ് ചിത്രത്തെ പിന്തുണയ്ക്കുന്നത്. 'റെഡ്' യൂ ട്യൂബിൽ കാണാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.