Latest News

മോഷ്ടാവ് കനിഞ്ഞാല്‍ അരുണ്‍കുമാറിന് ശനിയാഴ്ച ഗള്‍ഫില്‍ പോകാം

കണ്ണൂര്‍: പാസ്‌പോര്‍ട്ടും സ്‌കൂള്‍ കോളജ് സര്‍ട്ടിഫിക്കറ്റുകളുമടക്കമുള്ള ബാഗ് മോഷ്ടിച്ചയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ചെറുവത്തൂര്‍ കുന്നുംകിണറ്റ് കരയിലെ കൊടക്കാട് വീട്ടില്‍ എല്‍ അരുണ്‍കുമാര്‍. ഗള്‍ഫില്‍ ജോലിക്കായി ശനിയാഴ്ച പോകേണ്ടിയിരുന്ന അരുണ്‍കുമാറിന്റെ പാസ്‌പോര്‍ട്ടടക്കമുള്ള രേഖകള്‍ സൂക്ഷിച്ച ബാഗ് തീവണ്ടി യാത്രക്കിടയില്‍ മോഷണം പോവുകയായിരുന്നു.[www.malabarflash.com]

ബുധനാഴ്ച രാത്രിയാണ് അരുണ്‍കുമാര്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് ജനശതാബ്ദി എക്‌സ്പ്രസ്സില്‍ യാത്രതിരിച്ചത്. വിസ സ്റ്റാമ്പിംഗ് നടത്തിയ പാസ്‌പോര്‍ട്ടും സ്‌കൂള്‍-കോളജ് സര്‍ട്ടിഫിക്കറ്റുകളും പണവും അടങ്ങിയ ബാഗ് അരുണ്‍കുമാറിന്റെ കൈയ്യിലുണ്ടായിരുന്നു. തലശ്ശേരിയിലെത്തിയപ്പോള്‍ അരുണ്‍ സീറ്റില്‍ ബാഗുംവെച്ച് ഉറങ്ങിപ്പോവുകയായിരുന്നു. കണ്ണൂരിലെത്തിയപ്പോഴാണ് ഉറക്കമുണര്‍ന്നത്. അപ്പോള്‍ ബാഗ് കാണാനില്ലായിരുന്നു. 

ഉടന്‍തന്നെ റെയില്‍വെ പോലീസില്‍ വിവരമറിയിച്ചു. അവരെത്തി പരിശോധന നടത്തിയെങ്കിലും ബാഗ് കണ്ടെത്താനായില്ല. സി സി ടി വി ക്യാമറ തകരാറായതിനാല്‍ ആ വഴിയുള്ള അന്വേഷണവും നിലച്ചു. അരുണ്‍കുമാര്‍ മെഡിക്കല്‍ പരിശോധന നടത്തിയ കോഴിക്കോട്ടെ സ്ഥാപനത്തില്‍ നിന്ന് വ്യാഴാഴ്ച ഫോണ്‍ വിളിവന്നു. കണ്ണൂരിലെ ബിരിയാണി ഹട്ട് എന്ന സ്ഥാപനത്തില്‍ ബാഗ് കിട്ടിയിട്ടുണ്ടെന്നായിരുന്നു വിവരം. 

ബാഗില്‍ നിന്നും ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ഫോണ്‍ നമ്പര്‍ നോക്കി സ്ഥാപനത്തില്‍ നിന്നും വിളിച്ചതായിരുന്നുവത്രെ.
അരുണ്‍കുമാര്‍ ബിരിയാണി ഹട്ടില്‍ പോയി ബാഗ് വാങ്ങി പരിശോധിച്ചപ്പോള്‍ അതില്‍ വിലപ്പെട്ട രേഖകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. അവര്‍ക്ക് സ്ഥാപനത്തിന്റെ സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയില്‍ ബാഗ് കിട്ടുകയായിരുന്നു.
അരുണിന് ഇനി ശനിയാഴ്ച ഗള്‍ഫില്‍ പോകണമെങ്കില്‍ മോഷ്ടാവ് തന്നെ കനിയണം. ഇല്ലെങ്കില്‍ പാസ്‌പോര്‍ട്ട് ഡ്യൂപ്ലിക്കേറ്റ് അപേക്ഷ നല്‍കി ഏറെനാള്‍ കാത്തിരിക്കേണ്ടിവരും. ഏതായാലും ബാഗ് മോഷ്ടിച്ചത് സുമനസ്സുള്ള മോഷ്ടാവാകണേയെന്ന പ്രാര്‍ത്ഥനയിലാണ് അരുണ്‍കുമാര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.