Latest News

കൗമാരകലകള്‍ക്ക് ഒരുങ്ങി ചെമ്മനാട് ; കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി ഗോത്ര വിഭാഗത്തിന്റെ മംഗലംകളിയും

കാസര്‍കോട്: അമ്പത്തിയെട്ടാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 25 മുതല്‍ 30 വരെ ചെമ്മനാട് ജമാ-അത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com] 

260 ഇനങ്ങളിലായി 6000 കലാകാരന്‍മാര്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ 24 നു ആരംഭിക്കും.

കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി പ്രാക്തന ഗോത്ര വിഭാഗത്തിന്റെ മംഗലംകളി അരങ്ങേറും. 27ന് ഉദ്ഘാടന ചടങ്ങിന് ശേഷമാണ് 60 പേര്‍ അണിനിരക്കുന്ന മംഗലംകളി അരങ്ങേറുന്നത്. മൈതാനത്തിന് നടുവിലായിരിക്കും പരിപാടി. രാവണേശ്വരം, അട്ടേങ്ങാനം, ബേളൂര്‍, പെരിയ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് മംഗലംകളിയില്‍ പങ്കെടുക്കുന്നത്. 

ആദിവാസി ഗോത്രവിഭാഗങ്ങള്‍ കല്ല്യാണ ചടങ്ങുകളില്‍ അവതരിപ്പിച്ചിരുന്ന തനത് കലാരൂപമാണ് വിസ്മയ വിരുന്നായി ചെമനാടിന് ലഭിക്കുന്നത്. 

ഇത്തവണ കലോത്സവത്തിന് മുന്നോടിയായുള്ള ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളെ വെയിലത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാനാണ് ഘോഷയാത്ര വേണ്ടെന്ന് വെച്ചത്. പകരം സാംസ്‌കാരിക കമ്മിറ്റി ഉണ്ടാക്കി പൊതുജനങ്ങളെ കലോത്സവത്തോടടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. 

മംഗലംകളിക്ക് ശേഷം ചെമനാട്ടെ നാടന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കൈകൊട്ടി പാട്ട് ഉണ്ടാവും. 29ന് വൈകിട്ട് 5 മണിക്ക് ഉസ്താദ് ഹസ്സന്‍ ഭായിയുടെ സംഗീത കച്ചേരി അരങ്ങേറും. ചെര്‍ക്കള മാര്‍തോമ സ്‌കൂളിന്റെ ബാന്റ് മേളവും കലോത്സവ ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. 

റഹ്മാന്‍ പാണത്തൂര്‍ കണ്‍വീനറും ഹസീന താജുദ്ദീന്‍ ചെയര്‍മാനുമായ സാംസ്‌കാരിക കമ്മിറ്റിയാണ് കലോത്സവത്തിന് പുറമെയുള്ള കലാപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
ഏഴു സബ് ജില്ലകളില്‍ നിന്നു വരുന്ന മത്സരാര്‍ത്ഥികള്‍ക്കാവശ്യമായ താമസ സൗകര്യവും ഗ്രീന്റും പ്രധാനവേദിയുടെ പരിസരങ്ങളിലായി അക്കോമഡേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സബ് കമ്മിറ്റികള്‍ക്കും ആവശ്യമായ ഓഫീസ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം പത്ര – ദൃശ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ വിവരണസംവിധാനത്തിനു വേണ്ട സൗകര്യങ്ങളും തയ്യാറാക്കി കഴിഞ്ഞു. കലോത്സവം നടക്കുന്ന വിവിധ വേദികളുടെ ലോക്കേഷന്‍ മാപ്പ് പ്രധാന വേദിയുടെ കവാടത്തില്‍ സ്ഥാപിച്ചു.

ആരേഗാ്യവകുപ്പിന്റെ സഹകരണത്തോടെ ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ഉറപ്പുവരുത്തുന്നതിനോടൊപ്പം കുടിവെള്ളം, സാനിറ്റേഷന്‍ തുടങ്ങിയവയ്ക്കായി അറുപത് ജെ ആര്‍ സി വളണ്ടിയര്‍മാരുടെ സേവനവും വെല്‍ഫെയര്‍ ആന്റ് സാനിറ്റേഷന്‍ കമ്മിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.

മീഡിയ ആന്റ് പബ്ലിസിറ്റിയുടെ നേതൃത്വത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കായി സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ വേദികളിലെ പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനും റിസള്‍ട്ട് ബ്ലോഗ് വഴിയും ആപ്പ് വഴിയും അറിയിക്കാനുള്ള ക്രമീകരണവും തയ്യറാക്കിയിട്ടുണ്ട്.

സ്റ്റേജിതര മത്സരങ്ങള്‍ 25ന് തുടങ്ങും. 27 മുതല്‍ 30 വരെ 14 വേദികളിലായി കലാ മത്സരങ്ങള്‍ നടക്കും. 

27ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കലാമേളയുടെ ഔദ്യോഗിക നിര്‍വ്വഹണം നിര്‍വ്വഹിക്കും. മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് വിതരണം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കും. 

എം. രാജഗോപാലന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിക്കും. 

30ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ മുഖ്യാതിഥിയായിരിക്കും.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് പ്രധാന വേദി. ഹയര്‍ സെക്കണ്ടറി ഹാള്‍, യു.പി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമനാട് പുഴയോരം, ചെമനാട് ഗവ. യു.പി സ്‌കൂള്‍ ഗ്രൗണ്ട്, പട്ടുവത്തില്‍ ഗ്രൗണ്ട്, ചെമനാട് പാതയോരം, ചെമനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്, പരവനടുക്കം വൈ.എം.എം.എ ഹാള്‍ തുടങ്ങിയിടങ്ങളിലാണ് വേദിയൊരുങ്ങുന്നത്. വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കൗമാരകലയുടെ കനകകാന്തി പരത്തി നിറഞ്ഞാടുന്ന മേളയെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് ചെമനാട്ട് നടന്നുവരുന്നത്. 

അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്‌കൂളിലെ സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, ബിഎഡ്. ഡി എഡ് വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവരടങ്ങുന്ന ടീമിനാണ് ഭക്ഷണ വിതരണ ചുമതല. ഒരേസമയം അഞ്ഞൂറുപേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഭക്ഷണ പന്തല്‍ സജ്ജീകരിച്ചിരിക്കുന്നത്.

തികച്ചും പരിസ്ഥിതി സൗഹൃദപരമായാണ് കലോത്സവം നടത്തുന്നത്.

ജനറല്‍ കണ്‍വീനര്‍ ഡി ഒ ഗിരീഷ് ചോലയില്‍, പ്രിന്‍സിപ്പാള്‍ സല്‍മ ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ ഒ രാജീവന്‍, സ്‌കൂള്‍ മാനേജര്‍ ടി എം അബ്ദുല്ല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.