Latest News

ശബരിമല തീര്‍ഥാടകരുടെ വാഹനത്തില്‍ നിന്നും 1.44 ലക്ഷം കവര്‍ന്നു

പന്തീരാങ്കാവ്: രാത്രിയില്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ശബരിമല തീര്‍ഥാടകരുടെ പണം മോഷ്ടിച്ചു. പന്തീരാങ്കാവ് ബൈപ്പാസിനരികിലുള്ള കെട്ടിടത്തിനു സമീപം കിടന്നുറങ്ങിയ അയ്യപ്പഭക്തരുടെ 1.44 ലക്ഷം രൂപയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കവര്‍ന്നത്.[www.malabarflash.com]

സമീപത്തെ സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും മൂന്നു മണിയോടെയാണ് മോഷണം നടന്നതെന്ന് വ്യക്തമായി. 

കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിന്നും ശബരിമലയ്ക്ക് പോകുന്ന 17 അംഗ അയ്യപ്പന്‍മാരുടെ സംഘം ബുധനാഴ്ച രാത്രിയോടെയാണ് പന്തീരാങ്കാവിലെത്തിയത്. രാത്രി വൈകി എത്തിയ സംഘം എല്ലാവരുടെയും കൈവശമുള്ള പണം ഒരുമിച്ച് ശേഖരിച്ച് സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിന്റെ കാബിനില്‍ സൂക്ഷിച്ച ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. പിന്നീട് ഉണര്‍ന്നപ്പോള്‍ വാനിന്റെ ഡോര്‍ തുറന്ന നിലയിലാണ് കണ്ടതെന്ന് തീര്‍ഥാടകര്‍ പറഞ്ഞു.

കൈവശമുള്ളതും കാണിക്കയിടാന്‍ പലരും ഏല്പിച്ചതുമടക്കം ഒരു ലക്ഷത്തി നാല്പത്തിനാലായിരം രൂപയാണ് നഷ്ടമായത്. ഉറക്കത്തിലായിരുന്ന ഗുരുസ്വാമി സന്തോഷിന്റെ തലയിണയ്ക്കരികില്‍ സൂക്ഷിച്ച കാബിന്റെ താക്കോലെടുത്ത് തുറന്നാണ് പണം കവര്‍ന്നത്. രണ്ട് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

നല്ലളം എസ്.ഐ. കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സമീപത്തുള്ള സി. സി.ടി.വി.യില്‍ പതിഞ്ഞ മോഷണദൃശ്യത്തില്‍ നിന്ന് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

ബൈപ്പാസില്‍ വിശ്രമിക്കുന്ന യാത്രക്കാരുടെ വാഹനങ്ങളില്‍നിന്ന് മുമ്പുംപണം നഷ്ടപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ഭക്ഷണത്തിനുപോലും പണമില്ലാതെ ബുദ്ധിമുട്ടിലായ അയ്യപ്പ ഭക്തര്‍ക്ക് പ്രദേശവാസികള്‍ ചേര്‍ന്ന് ചെലവിനുള്ള പണം പിരിച്ചെടുത്ത് നല്‍കിയാണ് യാത്രയാക്കിയത്. ടി.വി. മാധവന്‍, മേച്ചേരി പ്രകാശന്‍, വിനോദ് കുമാര്‍ കുറുങ്ങാടം, വിജിലേഷ്, എന്‍. ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.