Latest News

ഖാസി വധം: ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നും സിബിഐ മൊഴിയെടുത്തു

കൊച്ചി : ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ടുമായ ഖാസി സി എം അബ്ദുള്ള മൗലവി വധക്കേസില്‍ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ആദൂര്‍ പരപ്പയിലെ പി എ അഷറഫില്‍ നിന്നും സിബിഐ മൊഴിയെടുത്തു.[www.malabarflash.com]

വെളളിയാഴ്ച സിബിഐ കേരളാ സ്‌പെഷ്യല്‍ ഓഫീസര്‍ ഡിവൈഎസ്പി കെ ജെ ഡാര്‍വിനാണ് കൊച്ചി ഓഫീസില്‍ വെച്ച് അഷ്‌റഫില്‍ നിന്നും മൊഴിയെടുത്തത്.തന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നാലു പേരുകളും അഷ്‌റഫ് സിബിഐക്ക് മുന്നില്‍ വെളിപ്പെടുത്തി. 

ഖാസി മരണപ്പെടുന്നതിനു തലേ ദിവസം ആലുവ സ്വദേശികളായ ബാബു, നിശാന്ത് എന്നിവരെ തന്റെ ഓട്ടോറിക്ഷയില്‍ ഖാസിയുടെ വീടിന് സമീപം കൊണ്ടുവിട്ടതായി അഷ്‌റഫ് നല്‍കിയ മൊഴിയിലുണ്ട്.
നീലേശ്വരത്തെ സുലൈമാന്‍ വൈദ്യരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ കൊണ്ടു വിട്ടതെന്നും അഷ്‌റഫ് മൊഴി നല്‍കി.ഇതിനു മുമ്പ് ജനുവരി 4നും മൗലവി ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്ന ഫെബ്രുവരി 14നും ഇടയില്‍ ആറു തവണ ബാബുവിനെയും നിശാന്തിനെയും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ കൂട്ടിക്കൊണ്ടു വന്നിരുന്നതായും നീലേശ്വരത്തെ ഒരു റിസോര്‍ട്ടുള്‍പ്പെടെ പലയിടത്തും ഇവരെ കൊണ്ടു പോയിട്ടുണ്ടെന്നും ദീര്‍ഘനേരം സുലൈമാന്‍ മൗലവിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ രാജനും ഇവരുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നതായും അഷ്‌റഫ് സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഒരു തവണ വലിയൊരു പണപ്പൊതിയും ബാബുവിനും നിശാന്തിനും നല്‍കുന്നതും അഷ്‌റഫ് കണ്ടിരുന്നുവത്രേ. സുലൈമാന്‍വൈദ്യരുടെ മകളുടെ ഭര്‍ത്താവായ അഷ്‌റഫ് സംഭവ സമയം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. 

അഷ്‌റഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മൗലവി കേസ് തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമസ്ത പിആര്‍ഒ അഡ്വ. മുഹമ്മദ് ത്വയിബ് ഖുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് അഷ്‌റഫില്‍ നിന്നും സിബിഐ മൊഴിയെടുത്തത്.
ഹ്യൂമന്റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡണ്ട് ഉമ്മര്‍ ഫാറൂക്ക് തങ്ങള്‍ ഖാസിയുടെ മകന്‍ എന്നവരും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
അഷ്‌റഫിന് പുറമേ മുഹമ്മദ് ത്വയിബില്‍ നിന്നും സിബിഐ മൊഴിയെടുത്തു. 

ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയാണ് മൊഴിയെടുക്കല്‍ നടന്നത്. ഇവരോട് ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഖാസിയുടെ മരണത്തിന് ഉത്തരവാദിയായവരെ തനിക്കറിയാമെന്ന അഷ്‌റഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ത്വയിബ് ഹൈക്കോടതിയില്‍ പുന:രന്വേഷണ ഹരജി നില്‍കിയത്. 

മൊഴിയുടെ വിശദാംശങ്ങള്‍ സിബിഐ ഹൈക്കോടതിയെയും എറണാകുളം സിജെഎം കോടതിയെയും അറിയിക്കും. അഷ്‌റഫിന്റെ മൊഴിയുടെ പാശ്ചാതലത്തില്‍ സുലൈമാന്‍ മൗലവി, നീലേശ്വരത്തെ രാജന്‍ എന്നിവരെയും സിബിഐ ചോദ്യം ചെയ്‌തേക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.