Latest News

വിശ്വനാഥ ഗൗഡ വധക്കേസ്; സിപിഎം സമ്മേളനത്തിലെ വിവാദ പരാമർശം, ബേഡകം ഏരിയാ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബന്തടുക്കയിലെ വിശ്വനാഥ ഗൗഡ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സിപിഎം ബേഡകം ഏരിയ സെക്രട്ടറി സി.ബാലനെ ചോദ്യം ചെയ്തു.[www.malabarflash.com]

വിശ്വനാഥ ഗൗഡയുടെ മരണം കൊലപാതകമാണെന്ന രീതിയിൽ സി.ബാലൻ സിപിഎം ജില്ലാ സമ്മേളന ചർച്ചയിൽ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സിഐ എം.കെ.ഭരതന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിൽ ബാലൻ സംഭവം നിഷേധിച്ചതായാണ് വിവരം. സമ്മേളനത്തിൽ ഇത്തരമൊരു ചർച്ച താൻ നടത്തിയിട്ടില്ലെന്നും വിശ്വനാഥ ഗൗഡയുടെ മരണം സംബന്ധിച്ച് ഒന്നും അറിയില്ലെന്നുമാണ് മറുപടി നൽകിയത്. മൊഴി വിശദമായി രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്. 

കേസ് തെളിയിക്കാനാവാതെ ഇരുട്ടിൽ തപ്പുന്ന അന്വേഷണ സംഘത്തിനു ലഭിച്ച അപ്രതീക്ഷിത പിടിവള്ളിയാണ് ബാലന്റെ വിവാദ വെളിപ്പെടുത്തൽ.

വിശ്വനാഥ ഗൗഡ വധക്കേസിൽ ബാലനെയും പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസും യൂത്ത് കോൺഗ്രസും തീരുമാനിച്ചു. പുതിയ സാഹചര്യത്തിൽ നിയമപരമായി എങ്ങനെ നീങ്ങണമെന്ന കാര്യം ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ വിദഗ്ധരുമായി ചർച്ച ചെയ്തു. 

അടുത്ത 20 നു ജില്ലയിലെത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ കേസിന്റെ വഴിത്തിരിവ് ബോധ്യപ്പെടുത്തി നിയമസഭയ്ക്കകത്തും ഇതു ചർച്ചയാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. വിശ്വനാഥ ഗൗഡയുടെ കുടുംബവും ഈ ആവശ്യമുന്നയിച്ചു കോൺഗ്രസ് നേതാക്കളെ കാണും.
2001 മാർച്ച് ഒൻപതിനു വൈകിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ബന്തടുക്ക എടയിലച്ചാലിലെ വിശ്വനാഥ ഗൗഡ വെടിയേറ്റു മരിച്ചത്. തലയ്ക്കു വെടിയേറ്റ വിശ്വനാഥയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. അഞ്ചു സിപിഎം പ്രവർത്തകരെ പ്രതിചേർത്തു പോലീസ് കേസെടുത്തെങ്കിലും ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും ലോക്കൽ പൊലീസിന്റെ റിപ്പോർട്ട് ശരിവയ്ക്കുന്നതായിരുന്നു ഇവരുടെയും കണ്ടെത്തൽ.
ആരോപണ വിധേയരായ സിപിഎം പ്രവർത്തകരെ നുണപരിശോധനയ്ക്കുൾപ്പെടെ വിധേയമാക്കിയ ശേഷമാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. എന്നാൽ വിശ്വനാഥ ഗൗഡയുടെ മരണം നേരെ അന്വേഷിച്ചാൽ സിപിഎം വിട്ടു സിപിഐയിൽ ചേർന്ന പി.ഗോപാലൻ അടക്കം പ്രതിയാകുമെന്നും കേസ് അന്വേഷിക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്നത് സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കളാണെന്നുമായിരുന്നു ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ ബാലന്റെ ആരോപണം.
ഗോപാലനെ കുടുക്കാൻ ലക്ഷ്യമിട്ടാണ് ഏരിയ സെക്രട്ടറി ഈ ചർച്ച നടത്തിയതെങ്കിലും കേസ് ഇപ്പോൾ സിപിഎമ്മിനെ തന്നെ തിരിച്ചുകൊത്തിയിരിക്കുകയാണ്. വിശ്വനാഥ ഗൗഡ മരിക്കുന്ന സമയത്ത് പി.ഗോപാലൻ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി അംഗമായിരുന്നു. ബാലനും ഇതേ കമ്മിറ്റിയിൽ അംഗമായിരുന്നു. ഇതാണ് ബാലന്റെ വെളിപ്പെടുത്തലിന്റെ ഗൗരവം വർധിപ്പിക്കുന്നത്. വിശ്വനാഥയുടെ മരണം ആത്മഹത്യയാണെന്ന തുടക്കം മുതലുള്ള സിപിഎമ്മിന്റെ നിലപാടിനു കടകവിരുദ്ധമാണ് ഏരിയ സെക്രട്ടറിയുടെ വെളിപ്പെടുത്തലെന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.