Latest News

കാല്‍നൂറ്റാണ്ടായി ഐഎന്‍എല്‍ പടിക്കുപുറത്ത് തന്നെ

കാസര്‍കോട്‌: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയാക്കാന്‍ പരവതാനി വിരിക്കുമ്പോഴും 24 വര്‍ഷമായി മുന്നണി പ്രവേശനം കാത്ത് ഐ.എന്‍.എല്‍.[www.malabarflash.com] 

യു.ഡി.എഫില്‍ എം.പി സ്ഥാനം ലഭിച്ച വീരേന്ദ്രകുമാറിനും മന്ത്രിസ്ഥാനം ലഭിച്ച ജനതാദളും ഭരണം പോയപ്പോഴാണ് വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റിനായി ഇടതുപാളയത്തില്‍ ചേക്കേറുന്നത്.

ബി.ജെ.പി സഖ്യകക്ഷിയായി വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായ പി.സി തോമസ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് ഇടതുമുന്നണി പ്രതിനിധിയായപ്പോഴും 1994 മുതല്‍ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചുനിന്ന ഐ.എന്‍.എല്‍ എന്നും പടിക്കു പുറത്തായിരുന്നു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കുശേഷം മുസ്ലീം ലീഗില്‍ കലാപക്കൊടി ഉയര്‍ത്തിയാണ് ഇബ്രാഹിം സുലൈമാന്‍സേട്ട് ലീഗ് വിട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചത്. സേട്ടിന്റെ പാര്‍ട്ടിക്ക് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേരും ഭരണഘടനയും വരെ സി.പി.എം താത്വികാചാര്യന്‍ ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് തയ്യാറാക്കിയത്.

ബാബറി മസ്ജിദ് തകര്‍ച്ചക്കുശേഷം ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം.പി സമദാനിയെ തോല്‍പിച്ചും ഒറ്റപ്പാലം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവരാമനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചും ഇടതുപക്ഷം മുന്നേറിയപ്പോള്‍ ശക്തിദുര്‍ഗമായി നിന്നത് ഐ.എന്‍.എല്ലായിരുന്നു.

സി.പി.എമ്മിന് ബാലികേറാമലയായിരുന്ന മലപ്പുറത്തെ മിക്ക പഞ്ചായത്തുഭരണവും സി.പി.എം പിടിച്ചെടുത്തത് ഐ.എന്‍.എല്ലിന്റെ സഹായത്തോടെയായിരുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്ടില്‍ അഞ്ചും കര്‍ണാടകയിലെ ഗുര്‍ബഗയില്‍ ഒരു എം.എല്‍.എയും ഐ.എന്‍.എല്ലിന് ഉണ്ടായിരുന്നു.

കോഴിക്കോട് സൗത്തില്‍ പി.എം.എ സലാം ഐ.എന്‍.എല്‍ എം.എല്‍യായിട്ടും പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുത്തില്ല. ഇതോടെ സലാംവിഭാഗം ഐ.എന്‍.എല്‍ വിട്ട് ലീഗില്‍ ചേരുകയായിരുന്നു. എന്നിട്ടും ഐ.എന്‍.എല്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്നു.

മലപ്പുറത്തും കാസര്‍കോട്ടും ഐ.എന്‍.എല്ലിന് സ്വാധീനമുണ്ട്. ഇനി ആരെയെങ്കിലും ഘടകക്ഷിയാക്കുന്നെങ്കില്‍ ആദ്യം ഐ.എന്‍.എല്ലിനെ എന്ന് ഇടതുമുന്നണിയും സിപിഎം നേതൃത്വവും ഉറപ്പും നല്‍കിയിരുന്നു. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എ.പി.അബ്ദുല്‍ വഹാബിന് ലഭിച്ച സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് ഐ.എന്‍.എല്ലിനു നല്‍കിയ പരിഗണന.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസനകോര്‍പ്പറേഷന്‍ ചെയര്‍മാാന്‍ സ്ഥാനം നല്‍കിയപ്പോഴാണ് 24 വര്‍ഷം ഒപ്പം നിന്നിട്ടും ഐ.എന്‍.എല്‍ പെരുവഴിയിലായിരിക്കുന്നത്.

അവസരവാദിയായ രാഷ്ട്രീയ നേതാവിന് കുടപിടിച്ച സിപിഎം ഐഎന്‍എല്ലിനെ തഴഞ്ഞതില്‍ പ്രവര്‍ത്തകരിലും നേതാക്കളിലും പ്രതിഷേധം ശക്തമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.