Latest News

കാന്‍സര്‍ ബാധിച്ച് യുവതി മരിച്ചു; വിവരമറിഞ്ഞ് പിതൃസഹോദരി കുഴഞ്ഞുവീണ് മരിച്ചു

പടന്നക്കാട്: കാന്‍സര്‍ ചികിത്സയിലായിരുന്ന യുവതിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ മനംനൊന്ത് കുഴഞ്ഞുവീണ പിതൃസഹോദരിയും മരണപ്പെട്ടു.
പുതുക്കൈ അംഗണ്‍വാടിക്ക് സമീപം ദിനേശ്ബീഡി കമ്പനി ഫോര്‍മാന്‍ കൃഷ്ണന്റെ മകള്‍ സീമ (36) കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.[www.malabarflash.com] 

തോയമ്മല്‍ ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു സീമയുടെ അന്ത്യം.
നാലുമാസം മുമ്പാണ് സീമക്ക് കാന്‍സര്‍ ബാധ കണ്ടെത്തിയത്. തലശേരി കാന്‍സര്‍ സെന്ററിലെ ചികിത്സക്ക് ശേഷം അസുഖം ഭേദപ്പെട്ടുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്ത്യം സംഭവിച്ചത്.
സീമയുടെ മരണവിവരമറിഞ്ഞയുടന്‍ പിതൃസഹോദരി വത്സല (60) വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ മംഗലാപുരത്തേക്കുള്ള യാത്രക്കിടെ വത്സല മരണപ്പെട്ടു. 

പുതുക്കൈ മട്ടക്കുന്നിലെ പരേതരായ കോരന്‍-കുമ്പച്ചി ദമ്പതികളുടെ മകളാണ് വത്സല. ഭര്‍ത്താവ് തേപ്പ് തൊഴിലാളിയായ ഗോപാലന്‍. മക്കള്‍: പ്രശാന്ത് (തേപ്പ് തൊഴിലാളി), പ്രമോദ് ഗോപാലന്‍(സിനിമ സഹസംവിധായകന്‍). 

ഉദുമയിലെ കൂലിത്തൊഴിലാളിയായ അശോകനാണ് സീമയുടെ ഭര്‍ത്താവ്. മക്കള്‍: അശ്വിന്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), അഭിജിത്ത് (ഏഴാംക്ലാസ് വിദ്യാര്‍ത്ഥി).
ഇരുവരുടെയും മൃതദേഹം പുതുക്കൈയിലെ തറവാട് ശ്മശാനത്തില്‍ ഒരേ സമയത്ത് സംസ്‌കരിച്ചു.
സിപിഎം ഏരിയാ സെക്രട്ടറി അഡ്വ. കെ രാജ്‌മോഹനന്‍, പുതുക്കൈ ലോക്കല്‍ സെക്രട്ടറി പള്ളിക്കൈ രാധാകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, കൗണ്‍സിലര്‍മാരായ മഹമൂദ് മുറിയനാവി, സന്തോഷ് കുശാല്‍നഗര്‍, ഉണ്ണികൃഷ്ണന്‍, ഭാഗീരഥി, സൗമിനി തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.