ഹൊസങ്കടി: ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി. ആറ് പേര്‍ക്ക് പരിക്കേറ്റു. വെട്ടേറ്റ മൂന്ന് പേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കാറുകളും തട്ടുകടയും തകര്‍ത്തു. [www.malabarflash.com]
ചൊവ്വാഴ്ച രാത്രി 9മണിയോടെ ഹൊസങ്കടി ടൗണിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് കഞ്ചാവ് സംഘം അഴിഞ്ഞാടിയത്.
മൊര്‍ത്തണയിലെ മുഹമ്മദ് അഷ്‌റഫ് (47), തട്ടുകട ജീവനക്കാരായ ഹൊസങ്കടിയിലെ അത്തീഖ്(31), പിരാറമൂലയിലെ നസീര്‍(29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കടമ്പാറിലെ അബ്ദുല്ല(29), ഭാര്യ ആയിഷ(24), അബ്ദുല്ലയുടെ സഹോദരന്റെ ഭാര്യ ഹവ്വമ്മ (26) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ കുമ്പളയിലെ ജില്ലാ സഹകരണ ആസ്പത്രിയില്‍ ചികിത്സതേടി.
അബ്ദുല്ല, ആയിഷ, ഹവ്വ എന്നിവര്‍ അംബാസിഡര്‍ കാറിലും അഷ്‌റഫ് എര്‍ട്ടിക കാറിലും തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് ലഹരിയില്‍ രണ്ട് ബൈക്കുകളിലായി നാലംഗം സംഘം എത്തിയത്. ഇവര്‍ ഭക്ഷണം കഴിക്കുകയായിരുന്നവരെയും തട്ടുകട ജീവനക്കാരെയും അകാരണമായി അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആദ്യം അഷ്‌റഫിന്റെ തലക്കാണ് വെട്ടേറ്റത്. അബ്ദുല്ലയെ വെട്ടാന്‍ ശ്രമിച്ചുവെങ്കിലും കുതറി മാറുകയായിരുന്നു. ഭര്‍ത്താവിനെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഘത്തിലൊരാള്‍ ആയിഷക്ക് നേരെ വാള്‍ വീശിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെ തട്ടുകട ജീവനക്കാരെയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. രണ്ട് കാറുകളും സംഘം തല്ലിത്തകര്‍ത്തു.
അക്രമികളെ തിരിച്ചറിഞ്ഞതായി മഞ്ചേശ്വരം പോലീസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടി ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരികയാണ്.
No comments:
Post a Comment