Latest News

കൊടപ്പനക്കല്‍ തറവാടിന്റെ ചരിത്രം അഭ്രപാളിയിലേക്ക്

കോഴിക്കോട് : പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ ചരിത്രത്തിന് അഭ്രഭാഷയൊരുങ്ങുന്നു.
ഐസ് മീഡിയയുടെ ബാനറില്‍ ട്രൂലൈന്‍ പ്രൊഡക്ഷന്‍സിനു വേണ്ടി ആരിഫ് വെള്ളയിലാണ് ചരിത്ര സ്മൃതികളെ വെള്ളിത്തിരയിലേക്ക് ആനയിക്കുന്നത്.

മലയാള നാടിന്റെ ബഹുസ്വരതയിലേക്ക് യമനില്‍ നിന്നും വന്ന് പുതിയ ഒരു സംസ്‌കാര സംഗമത്തിന് വഴിയൊരുക്കിയ ബാ അലവി വംശത്തില്‍പ്പെട്ട സയ്യിദന്‍മാരുടെ ജീവിതത്തിന്റെ നാള്‍ വഴികളുടെ സമ്പൂര്‍ണ്ണ ചരിത്ര സംഗ്രഹമാണ് ഡോക്യുഫിക്ഷനിലൂടെ അണിയിച്ചൊരുക്കുന്നത്.
'കൊടപ്പനക്കല്‍ തറവാടിന്റെ' സ്വിച്ചോണ്‍ കര്‍മ്മം തറവാടിന്റെ കാരണവര്‍ കൂടിയായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.യമനിലെ ഹളര്‍ മൗത്തില്‍ നിന്ന് മലയാള മണ്ണിലേക്ക് നീളുന്ന പാരമ്പര്യത്തിന്റെ കൈവഴികളെയും ചരിത്ര സ്മൃതികളെയും അതേ വഴികളിലൂടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ചാണ് വര്‍ത്തമാന കാലത്തിലേക്ക് പുനരാനയിക്കുന്നത്.

അശരണര്‍ക്കും ആലംബഹീനര്‍ക്കും എന്നും അത്താണിയായി മാറി കാലങ്ങളോളം ഒരു ജനതയുടെ ഭൗതികവും ആത്മീയവുമായ നോവുകള്‍ക്ക് ശമന ഔഷധമായി വര്‍ത്തിച്ച് അവരെ മുന്നോട്ടാനയിച്ച് സാമൂഹിക വിഷയങ്ങളിലെ അവസാന വാക്കായി മാറി ജനങ്ങളുടെ മനസ്സില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാടിന്റെ മുറ്റത്തുനിന്നാണ് ഡോക്യുഫിക്ഷന്‍ പ്രവര്‍ത്തകര്‍ തുടക്കം കുറിക്കുന്നത്. പ്രവാചകനില്‍ നിന്ന് പുതുതലമുറയിലേക്ക് അനുസ്യൂതം നീളുന്ന പാരമ്പര്യത്തിന്റെ ചരിത്രപരമായ പകര്‍ത്തി എഴുത്തിനാണ് ദൃശ്യഭാഷയൊരുക്കുന്നതെന്ന് ഈ സംരംഭത്തിന്റെ മുഖ്യരക്ഷാധികാരി കൂടിയായ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മാരി എന്ന ഷോര്‍ട്ട് ഫിലീമിലൂടെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ ശ്രദ്ധപിടിച്ചു പറ്റിയ ആരിഫ് വെള്ളയില്‍ നിരവധി ഷോര്‍ട്ട്ഫിലീമുകളിലൂടെയും ഡോക്യൂഫിക്ഷനിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്.

ഹാരിസ് മാഡോണയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിര്‍മ്മാണം സഫീര്‍ ഒളവണ്ണ, റഷീദ് രാമനാട്ടുകര, കണ്‍ട്രോളര്‍ രൂപേഷ്, എക്‌സിക്യൂട്ടീവ് മുഹമ്മദലി ചെറൂപ്പ, എഡിറ്റര്‍ താജു, പി.ആര്‍.ഒ. ദേവസ്സിക്കുട്ടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.