Latest News

സുബൈദയുടെ കൊലപാതകം: മുഖ്യപ്രതി കർണാടക അസീസ് റിമാൻഡിൽ

പെരിയ: ആയമ്പാറ ചെക്കിപ്പള്ളത്തെ അറുപതുകാരി സുബൈദ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി അജ്ജാവർ സ്വദേശി അബ്ദുൽ അസീസ് എന്ന കർണാടക അസീസി(30)നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി മാർച്ച് ഒന്നു വരെ റിമാൻഡ് ചെയ്തു.[www.malabarflash.com] 

കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് അന്വേഷണ സംഘം അസീസിനെ സുബൈദയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. സുബൈദയെ കൊലപ്പെടുത്തുന്നതിനു മുൻപ് ബോധം കെടുത്തുന്നതിനായി ഉപയോഗിച്ച ശേഷം ബാക്കിവന്ന ആസിഡ് കുപ്പിയും തൂവാലയും സുബൈദയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അസീസിന്റെ സഹായത്തോടെ പോലീസ് കണ്ടെടുത്തു.

കൃത്യം നിർവഹിച്ച ശേഷം മടങ്ങവേ പ്ലാസ്റ്റിക് കവറിലാക്കി താൻ തന്നെയാണ് ഇത് വലിച്ചെറിഞ്ഞതെന്ന് അസീസ് പോലീസിനെ അറിയിച്ചു. 

കാസർകോട് മധൂരിനു സമീപം വാടക വീട്ടിൽ താമസിക്കുകയായിരുന്ന അസീസ് സുബൈദ വധക്കേസിൽ തന്റെ കൂട്ടാളികളായിരുന്ന അബ്ദുൽ ഖാദറും ബാവ അസീസും പിടിയിലായതിനെത്തുടർന്ന് ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടിലെത്തിയപ്പോഴാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.

ബുധനാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ അസീസിനെ മുഖം മറച്ചാണ് വ്യാഴാഴ്ച സുബൈദയുടെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്. ഇയാളെ തിരിച്ചറിയൽ പരേഡിനു വിധേയമാക്കുന്നതിനായി വെളളിയാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ബേക്കൽ സിഐ വി.കെ.വിശ്വംഭരൻ പറഞ്ഞു. 

പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പു നടത്തുന്നതിനും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കോടതിയെ സമീപിക്കും. ഇതോടൊപ്പം കോടതിയിൽ നേരിട്ടെത്തി കീഴടങ്ങിയ കേസിലെ നാലാമൻ ബദിയടുക്ക മാന്യ സ്വദേശി ഹർഷാദി(30)നെയും കസ്റ്റഡിയിൽ വാങ്ങും.

കർണാടക സുള്ള്യയിൽ ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ അസീസ് ആദൂരിലെ മോഷണക്കേസിലുൾപ്പെടെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ കോട്ടക്കണിയിലെ കെ.എം.അബ്ദുൽഖാദർ എന്ന ഖാദർ (26), പട്ള കുതിരപ്പാടിയിലെ പി.അബ്ദുൽ അസീസ് എന്ന ബാവ അസീസ് (23) എന്നിവരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡിനു വിധേയമാക്കിയ ഇരുവരെയും സുബൈദ കൊല്ലപ്പെട്ട ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ചു വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. 

ജനുവരി 19ന് ആണു ചെക്കിപ്പള്ളത്തെ വീടിനകത്തു സുബൈദയെ മരിച്ച നിലയിൽ കണ്ടത്. ആഭരണവും പണവും കവരുകയെന്ന ലക്ഷ്യത്തോടെ 17ന് ഉച്ചയ്ക്കാണു കാറിലെത്തിയ നാലംഗ സംഘത്തിലെ രണ്ടുപേർ സുബൈദയെ കൊലപ്പെടുത്തിയത്. 

കേസിലുൾപ്പെട്ട നാലു പ്രതികളും പിടിയിലായതോടെ തെളിവെടുപ്പു നടപടിക്രമങ്ങൾ വേഗത്തിലാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കങ്ങളിലേക്കു കടക്കുകയാണ് അന്വേഷണ സംഘം.





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.