Latest News

കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 34 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

ഭോപ്പാല്‍: 40 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരനെ 34 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. റോഷന്‍ എന്നാണ് കുട്ടിയുടെ പേര്. പോലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.[www.malabarflash.com]

ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കളിക്കുന്നതിനിടെ റോഷന്‍ കുഴല്‍ക്കിണറില്‍ വീണത്. ഞായറാഴ്ച രാത്രി 10.45 ഓടെയാണ് കുട്ടിയെ രക്ഷിക്കാനായതെന്ന് ദേവാസ് ജില്ലാ പോലീസ് മേധാവി അന്‍ഷുമാന്‍ സിങ്ങിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഉപരിതലത്തില്‍നിന്ന് മുപ്പത് അടി താഴെയാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.

പൈപ്പിലൂടെ കുട്ടിക്ക് ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കിയിരുന്നു. കൂടാതെ കുഴല്‍ക്കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്യുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയോട് മാതാപിതാക്കള്‍ തുടര്‍ച്ചയായി സംസാരിക്കുകയും ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് അതിലൂടെ കുട്ടിയെ പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണമെന്നുള്ളതിനാലും ഇത് കുട്ടിയെ ദോഷകരമായി ബാധിക്കുമെന്നതിനാലും മറ്റൊരു വഴി സ്വീകരിക്കുകയായിരുന്നു.

തുടര്‍ന്ന് കയറില്‍ കുടുക്ക് തീര്‍ത്ത് അത് കുഴല്‍ക്കിണറിനുള്ളിലേക്ക് ഇറക്കി കൊടുത്തു. കുട്ടിയോട് കൈ ആ കുടുക്കിനുള്ളില്‍ ഇടാനും ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കുട്ടി അതേപടി അനുസരിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.