Latest News

ആദരാഞ്ജലി പോസ്റ്റര്‍; തന്നെ അവഹേളിച്ചത് എസ്.എഫ്.ഐ- പ്രിൻസിപ്പൽ ഡോ. പുഷ്പജ

കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു കോളജ് പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകിയ ചടങ്ങിനിടെ 'ആദരാഞ്ജലി' അർപ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഡോ. പി.വി. പുഷ്പജ. തന്നെ അവഹേളിച്ചതിന് പിന്നില്‍ എസ്.എഫ്.ഐ ആണെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.[www.malabarflash.com] 

കാമ്പസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ്.എഫ്‌.ഐ ആണ്. ഹാജർ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ അധ്യാപകരുടെ കൈവശമുണ്ടെന്നും കോളജ് മാനേജ്മെന്‍റുമായി ആലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

33 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന വനിതാ പ്രിൻസിപ്പലിന് പടക്കം പൊട്ടിച്ചാണ് വിദ്യാര്‍ഥികള്‍ 'ആദരാഞ്ജലി' അർപ്പിച്ചത്. കോളജ് ഒാപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പതിച്ചു. "വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, കാമ്പസ് സ്വതന്ത്രമാകുന്നു, നെഹ്റുവിന് ശാപ മോക്ഷം" എന്നായിരുന്നു പോസ്റ്ററിലെ പരാമർശം.

ചുമതലയേറ്റത് മുതല്‍ പല വിഷയങ്ങളിലും എസ്.എഫ്.ഐ കോളജ് യൂണിറ്റും പ്രിൻസിപ്പലുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഹാജർ അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ പ്രിൻസിപ്പലുമായി എസ്.എഫ്.ഐ പ്രവർത്തകർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പലപ്പോഴും ഉപരോധത്തിൽ എത്തുക‍യും ചെയ്തിരുന്നു.

യു.ഡി.എഫ് അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന പ്രവർത്തക സമിതി അംഗവും കാസർകോട് ജില്ലാ പ്രസിഡന്‍റുമായിരുന്നു ഡോ. പുഷ്പജ. 2016ൽ പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. പുഷ്പജ, മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ പരീക്ഷക്ക് മുമ്പു യാത്രയയപ്പ് നൽകുകയായിരുന്നു.

പ്രിൻസിപ്പലിനെതിരായ സംഭവത്തില്‍ പങ്കില്ലെന്നാണ് എസ്.എഫ്‌.ഐ വിശദീകരിക്കുന്നത്. സംഭവത്തെ അപലപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സാക്ഷര കേരളത്തിന് അപമാനമാണെന്ന് പ്രതികരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.