Latest News

തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

ചീമേനി: തലയ്ക്കടിയേറ്റ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ചീമേനി നാലിലാംകണ്ടം ഗവ. യു.പി സ്‌കൂള്‍ അധ്യാപകനായ ആലന്തട്ടയിലെ സി. രമേശനാണ് (50) മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. [www.malabarflash.com]

രമേശനെ ആക്രമിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസികളായ തമ്പാന്‍, ജയനീഷ്, അരുണ്‍, അഭിജിത്ത് എന്നിവര്‍ക്കെതിരെ ചീമേനി പോലീസ് നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. രമേശന്‍ മരണപ്പെട്ടതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അധ്യാപകന്‍ അക്രമത്തിനിരയായത്. അയല്‍വാസിയുമായുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രമേശനെയും അയല്‍വാസികളെയും വിളിപ്പിച്ച് പോലീസ് സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷം അധ്യാപകനും മകനും വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് തമ്പാന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ആക്രമിച്ചത്. 

തലക്കടിയേറ്റുവീണ രമേശനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.