Latest News

മനോദൗർബല്യമുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു

കൊട്ടാരക്കര: മനോദൗർബല്യമുള്ള മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. പിതാവിന്റെ കൺമുന്നിലായിരുന്നു ദാരുണ അന്ത്യം. ജ്യോതിഷ പണ്ഡിതൻ പെരുംകുളം നെടുംപറമ്പ് ചെറുകോട്ടു മഠം തഴവ എസ്.എൻ.പോറ്റിയുടെ (നാരായണൻ പോറ്റി) ഭാര്യ ശാന്താദേവി അന്തർജനമാണ് (67) കൊല്ലപ്പെട്ടത്.[www.malabarflash.com] 

മകൻ അശോക് കുമാറിനെ (അശോകൻ–47) പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. പോലീസിനെ ഭീഷണിപ്പെടുത്തിയ അശോകൻ സ്വയം കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ചു പോലീസ് പറഞ്ഞത്: ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവങ്ങളുടെ തുടക്കം. മനോദൗർബല്യത്തിനു 30 വർഷമായി ചികിൽസയിലാണ് അശോകൻ. അക്രമവാസനയും ഉണ്ട്. പൊലീസിന്റെ സഹായത്തോടെയാണ് അശോകനെ പതിവായി തിരുവനന്തപുരം മാനസികാരോഗ്യ ചികിൽസാകേന്ദ്രത്തിൽ എത്തിച്ചിരുന്നത്.

ഒരാഴ്ചയായി കടുത്ത മാനസികവിഭ്രാന്തിയിലായിരുന്നു. അശോകനെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞ ദിവസം പിതാവ് പോലീസ് സഹായം തേടി. ശനിയാഴ്ച രാവിലെ അഞ്ചരയോടെ വാഹനത്തിൽ മൂന്നു പൊലീസുകാർ വീട്ടിലെത്തി. പൊലീസിനെ കണ്ടു പ്രകോപിതനായ അശോകൻ കൊടുവാളുമായി ഭീഷണിപ്പെടുത്തി. വീടിനുള്ളിലേക്കു കയറാതിരിക്കാൻ വാതിലിന്റെ കുറ്റിയിട്ട ശേഷം അക്രമസ്വഭാവം കാട്ടി.

അകത്തു കടന്നാൽ അമ്മയെ വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണി. അമ്മ ശാന്താദേവിയും വീടിനകത്തുണ്ടായിരുന്നു. വീടിനു പുറത്തു ജനാലയ്ക്കരികിൽ നിന്നു മകനെ ശാന്തമാക്കാനുള്ള പിതാവിന്റെ ശ്രമവും നടന്നില്ല. മകൻ ശാന്തനായ ശേഷം വിളിക്കാമെന്നു പറഞ്ഞു പോലീസിനെ എസ്.എൻ.പോറ്റി തിരിച്ചയച്ചു. മാതാപിതാക്കൾ അനുനയ നീക്കം തുടർന്നു. ഇതിനിടെ പ്രകോപിതനായ അശോകൻ അമ്മയെ കുനിച്ചു നിർത്തി കഴുത്തിൽ വെട്ടുകയായിരുന്നു.

കഴുത്തിൽ മൂന്നു വെട്ടേറ്റു. പോലീസ് സംഘം വാതിൽ ചവിട്ടിത്തുറന്നാണ് അശോകനെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ ആക്രമിക്കാൻ മുതിർന്ന അശോകൻ കൈയിലുണ്ടായിരുന്ന കത്തി നെഞ്ചിൽ കുത്തി സ്വയം മുറിവേൽപ്പിച്ചു. നിസാര പരുക്കുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ നൽകിയ ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ചു. കൊട്ടാരക്കര എസ്ഐ സി.കെ.മനോജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ശാന്താദേവിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൾ: ആശ. മരുമകൻ: മണിക്കുട്ടൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.