Latest News

നാണം കെട്ട് തല താഴ്ത്തണം, ആ എട്ടു വയസുകാരിയോട് അവര്‍ ചെയ്ത ക്രൂരതയോര്‍ത്ത്‌

ജമ്മു: ഈ ക്രൂരതയ്ക്ക് മുന്നില്‍ ഒരു രാജ്യം തല കുനിച്ച് ആ എട്ടു വയസുകാരിയോട് മാപ്പിരക്കണം. ഇത്രയും ഭയാനകമായ പീഡനം ആ കൊച്ചുശരീരത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച ക്രൂരന്മാര്‍ക്ക് മാനവകുലം ഒരിക്കലും മാപ്പു കൊടുക്കരുത്.[www.malabarflash.com]

കൂട്ടം ചേര്‍ന്നുള്ള ബലാത്സംഗമായിരുന്നു ദിവസങ്ങളോളം. മരണം ഉറപ്പായപ്പോഴും തലയില്‍ കല്ലു കൊണ്ട് ഇടിക്കുവാന്‍ ഒരുങ്ങിയവനോട് ആ നരാധമന്‍ ഇങ്ങനെ പറഞ്ഞത്രേ... എനിക്ക് ഒരിക്കല്‍കൂടി അവളെ വേണം. അതിനുശേഷം കല്ലെടുത്ത് രണ്ട് വട്ടം തലയ്ക്കടിച്ച് ആ പെണ്‍കുട്ടിയെ കഠോരമായ ക്രൂരതയില്‍നിന്ന് ആ ചെകുത്താന്മാര്‍ അവളെ എന്നെന്നേക്കുമായി മോചിപ്പിച്ചു.

ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലെ എട്ട് വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം കഴിഞ്ഞ ദിവസം കത്തുവ ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചപ്പോള്‍ നമ്മള്‍ ഒരിക്കല്‍ക്കൂടി നാണം കെട്ടു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടും ഒരു കൊച്ചുപെണ്‍കുട്ടിക്ക് പോലും ഈ രാജ്യത്ത് ഇതാണോ അവസ്ഥ?

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ബക്കര്‍വാല്‍(ആട്ടിടയ) വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയും ചെയ്യുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

ബ്രാഹ്‌മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗം ചെയ്യലും. കൂട്ടിന് പ്രായപൂര്‍ത്തിയാവാത്ത തന്റെ മരുമകനേയും മകനേയും സാഞ്ജിറാം കൂടെ കൂട്ടി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്തതും സാഞ്ജിറാമിന്റെ മരുമകനെയായിരുന്നു.

കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ: ജനുവരി പത്തിനാണ് വീടിനടുത്ത പ്രദേശത്ത് പെണ്‍കുട്ടി കുതിരയെ തീറ്റാന്‍ പോയത്. ഇതിനിടെ സാഞ്ജിറാമിന്റെ മരുമകന്‍ കുട്ടിയുടെ അടുത്തെത്തി കുതിര കാട്ടിലേക്ക് ഓടിപ്പോയെന്നും പിടിച്ച് കൊണ്ടുവരണമെന്നും പറഞ്ഞ് കുട്ടിയെ കാട്ടിനുള്ളിലേക്ക് എത്തിച്ചു. ശേഷം സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരം മയക്ക് മരുന്ന് നല്‍കി താന്‍ നടത്തുന്ന ക്ഷേത്രത്തിനുള്ളിലെത്തിച്ച് അടച്ചിട്ടു. രക്ഷിതാക്കള്‍ കുട്ടിയെ അന്വേഷിച്ച് സാഞ്ജിറാമിന്റെ അടുത്തെത്തിയെങ്കിലും കണ്ടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഇതിനിടെ രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷെ അന്വേഷണം മന്ദഗതിയിലായിരുന്നു.

സാഞ്ജിറാമിന്റെ മരുമകന്‍ തന്നെയാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിച്ച് ബലാത്സംഗത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇതിനിടെ സംഭവം മണത്തറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് ഒതുക്കുകയായിരുന്നു. തുടര്‍ന്ന് സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മരിക്കുന്നതിന് മുമ്പെ സാഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര കുട്ടിയെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്തെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

കേസുമായി ബന്ധപ്പെട്ട് സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പോലീസ് സബ് ഇന്‍സ്പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പോലീസുകാര്‍ എന്നിവരാണ് പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നെങ്കിലും ബക്കര്‍വാല വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

കടപ്പാട്: മാതൃഭൂമി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.