കാസര്‍കോട്: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടുമേനിയില്‍ താമസിക്കുന്ന രാജു(38)പ്രതിയായ കേസിന്റെ വിചാരണക്കാണ് തുടക്കമായത്.[www.malabarflash.com]
2015 സെപ്തംബര്‍ 29ന് വൈകുന്നേരം രാജു പതിമൂന്നുകാരി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് രാജുവിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
രാജുവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും വെള്ളരിക്കുണ്ട് സി.ഐ. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. രാജുതന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി ജില്ലാ ആസ്പത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു.
ഈ കേസിന്റെ ഫയലുകള്‍ വിചാരണക്കായി ഹൊസ്ദുര്‍ഗ് കോടതി കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു. പീഡനത്തിനിരയായി നാലുമാസത്തിന് ശേഷം അസുഖം ബാധിച്ച് പെണ്‍കുട്ടി മരണപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
No comments:
Post a Comment