Latest News

അവധി ആഘോഷിക്കാ​നെത്തിയ പ്ലസ് ​ടു വിദ്യാർഥികൾ മീനച്ചിലാറ്റിൽ മുങ്ങിമരിച്ചു

ഈരാറ്റുപേട്ട: സഹപാഠികൾക്കൊപ്പം അവധി ആഘോഷിക്കാൻ പൂഞ്ഞാറി​ലെത്തിയ രണ്ട്​ പ്ലസ്​ ടു വിദ്യാർഥികൾ മീനച്ചിലാറ്റിലെ കയത്തിൽ മുങ്ങിമരിച്ചു. കോട്ടയം കഞ്ഞിക്കുഴി ബേക്കർ വിദ്യാപീഠ്​ സ്‌കൂൾ പ്ലസ് ടു വിദ്യാർഥികളായ ക്രിസ്​റ്റഫർ എബ്രഹാം ജേക്കബ് (17), കുമാരനല്ലൂർ സ്വദേശി മുഹമ്മദ് റിയാസ് (17) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ചൊവ്വാഴ്​ച ഉച്ചക്ക്​ 1.45ന്​ പൂഞ്ഞാര്‍ കല്ലേക്കുളം ഉറവക്കയത്തിലായിരുന്നു അപകടം. തിരുവനന്തപുരം മങ്ങാട്ട് വിജയ കോട്ടേജില്‍ എബിന്‍ (17), കോട്ടയം ചിറക്കരോട്ട് കണ്ണന്‍ പിള്ളയുടെ മകന്‍ അമല്‍രാഗ് (17) എന്നിവർ​ക്കൊപ്പം കോട്ടയത്തുനിന്ന്​ കെ.എസ്​.ആർ.ടി.സി ബസിൽ റിയാസും ക്രിസ്​റ്റഫറുംചൊവ്വാഴ്​ച രാവിലെയാണ്​ പൂഞ്ഞാറിലെ സ്ഥലങ്ങള്‍ കാണാൻ എത്തിയത്​. 

സ്​റ്റാൻഡിൽ ഇറങ്ങി നടന്ന ഇവർ കുളിക്കാൻ ലക്ഷ്യമിട്ട്​ മീനച്ചിലാറി​ന്റെ കരയിലെ പാറക്കെട്ടിൽ വിശ്രമിക്കുന്നതിനിടെ കാൽവഴുതി ക്രിസ്​റ്റഫർ മീനച്ചിലാറ്റിലേക്ക്​ വീഴുകയായിരുന്നെന്ന്​ സുഹൃത്തുക്കൾ പോലീസിന്​ നൽകിയ മൊഴിയിൽ പറയുന്നു. ക്രിസ്​റ്റഫർ മുങ്ങിത്താഴുന്നത് കണ്ട് മുഹമ്മദ് റിയാസും ഒപ്പം ചാടി. ക്രിസ്​റ്റഫറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും ചുഴിയിൽപെടുകയായിരുന്നു. 

ഇവർ മുങ്ങിത്താഴുന്നത് കണ്ട് ഭയന്ന സുഹൃത്തുക്കൾ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന്​ അഗ്‌നിരക്ഷ സേനയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഈരാറ്റുപേട്ട സ്​റ്റേഷൻ ഓഫിസർ അനൂപ് പി. രവീന്ദ്രൻ, ലീഡിങ്​ ഫയർമാൻമാരായ വിനോദ്, നിക്കോളാസ് സെബാസ്​റ്റ്യൻ, പി.ടി. മാത്യു, റോബിൻ എസ്. തോമസ്, ഹരീഷ് കുമാർ, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ ചുഴിയിൽനിന്നാണ് ഇരുവരെയും കണ്ടെടുത്തത്.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇവർ ആറിന്​ സമീപം ഫോട്ടോയെടുത്ത്​ നടക്കുന്നത്​ കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാർ പറയുന്നു. റിയാസി​ന്റെ ഉമ്മയുടെ വീട് ഈരാറ്റുപേട്ടയിലാണെങ്കിലും ഇവർ അവിടെ പോയിരുന്നില്ല. ഇടക്കിടെ മഴ പെയ്തതു കാരണം ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. പരിചയമില്ലാത്തതും നീന്തൽ വശമില്ലാത്തതുമാണ് അപകടകാരണം. നിരവധി അപകടങ്ങള്‍ ഉണ്ടായ ഉറവക്കയത്തില്‍ ആരും ഇറങ്ങാറില്ല. ഇവിടെ മാതാവ്​ നോക്കിനില്‍ക്കേ തമിഴ്‌നാട് സ്വദേശി യുവാവ് മുങ്ങിമരിച്ചിട്ട് ഏറെയായില്ല.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്​ വിട്ടുനൽകും. മുഹമ്മദ്​ റിയാസിന്റെ ഖബറടക്കം ബുധനാഴ്​ച രാവിലെ 11ന്​ കോട്ടയം തിരുനക്കര പുത്തൻപള്ളി ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ. ക്രിസ്​റ്റഫറി​ന്റെ സംസ്​കാരം വ്യാഴാഴ്​ച പന്നിമറ്റം സി.എസ്​.​െഎ പള്ളി സെമിത്തേരിയിൽ. സ്​കൂളിലെ വിവിധ ഹൗസുകളിലെ ലീഡർമാരായ ഇരുവരും പഠനത്തിൽ മിടുക്കരായിരുന്നു.

മുഹമ്മദ്​ റിയാസ്​ മിമിക്രിയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്​. ക്രിസ്​റ്റഫറിന്​ ഫോട്ടേഗ്രഫിയിലായിരുന്നു താൽപര്യം. കോമേഴ്​സ്​ വിഭാഗം വിദ്യാർഥിയായ മുഹമ്മദ്​ റിയാസ്​ തിരുനക്കര പുത്തൻപള്ളി ജുമാമസ്​ജിദ്​ പരിപാലന സമിതി സെക്രട്ടറിയും വ്യാപാരിയുമായ എൻ.എ. ഹബീബി​​ന്റെ മകനാണ്​. 

കോട്ടയം കുമാരനല്ലൂർ കൊച്ചാലുംമൂട്​ ദിനേശ്​ ഭവനിലാണ്​ താമസം. മാതാവ്​: ഈരാറ്റുപേട്ട കാരക്കാട് ഷാമില. സഹോദരങ്ങൾ: നസ്രിയ, ആയിഷ (കോട്ടയം സി.എം.എസ്​ കോളജ് ബിരുദവിദ്യാർഥി​). സയൻസ്​ വിഭാഗം വിദ്യാർഥിയായ ക്രിസ്​റ്റഫർ എബ്രഹാം കോട്ടയം സി.എം.എസ്​ കോളജ്​ സ്​കൂൾ ഹയർസെക്കൻഡറി സ്​കൂൾ റിട്ട. അധ്യാപകൻ എബ്രഹാം ജേക്കബി​​ന്റെ മകനാണ്​. സഹോദരങ്ങൾ: ക്രിസ്​റ്റി ജേക്കബ്​, ക്രിസ്​റ്റീന ജേക്കബ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.