Latest News

കുഞ്ഞു ഫഹദിനെക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍

കാഞ്ഞങ്ങാട്: അമ്പലത്തറയിലെ ഓട്ടോഡ്രൈവര്‍ കണ്ണോത്ത് അബ്ബാസിന്റെ മകന്‍ മുഹമ്മദ് ഫഹദിനെ (8)ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് ടി ശശിധരന്‍ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.[www.malabarflash.com] 

തെങ്ങുകയറ്റ തൊഴിലാളിയായ കണ്ണോത്തെ വിജയനെയാണ്(31) കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തി കൊണ്ട് ഫഹദിനെ വെട്ടിക്കൊന്നത്. 

വിജയന്റെ ആക്രമണത്തിനിടയില്‍ ഫഹദ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയായിരുന്നു. നിലത്തുവീണ കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 

കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഫഹദിനെ കൊലപ്പെടുത്താന്‍ വിജയന് പ്രേരണയായതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു.
ജില്ലാജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ വിജയന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടും പ്രതിക്ക് ജാമ്യം കിട്ടുന്നതിന് തടസമാവുകയാണുണ്ടായത്. 

നാല്‍പ്പതോളം സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി രാഘവന്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.