Latest News

ഗൗരി ലങ്കേഷ് വധം: ഒരാള്‍കൂടി അറസ്റ്റില്‍

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. വിജയപുര സ്വദേശി പരശുറാം വാഗ്മറെ (26) എന്നയാളാണ് മഹാരാഷ്ട്രയില്‍നിന്ന് അറസ്റ്റിലായത്.[www.malabarflash.com]

ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ പരശുറാമിനെ ചോദ്യംചെയ്യലിനായി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാളാണ് അറസ്റ്റിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി പൊരുത്തപ്പെടുന്ന ആളാണ് പിടയിലായതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ പോലീസ് തയ്യാറാക്കിയിരുന്നു.

കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം.

ഗൗരി ലങ്കേഷിനെ വധിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതെന്ന് ഫോറന്‍സിക് പരിശോധനാ ഫലത്തില്‍ നിന്ന് വ്യക്തമായിരുന്നു. 7.65 എംഎം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.