Latest News

വായനാനുഭവങ്ങൾ കൊണ്ട് വീടൊരുക്കി കുണ്ടംകുഴിയിലെ കുട്ടികൾ

കുണ്ടംകുഴി: മെടഞ്ഞ ഓലകൊണ്ടു നിർമിച്ച വീട്, അതിനുള്ളിൽ വിവിധ വർണങ്ങളിൽ കുട്ടികൾ തയ്യാറാക്കിയ വായനാക്കുറിപ്പുകൾ അലങ്കാരങ്ങളായി ഞാന്നു കിടന്നു. കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലാണ് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ വീടൊരുക്കിയത്.[www.malabarflash.com]

തകഴി, ബഷീർ, കാരൂർ, ഹയ്യാറ കിഞ്ഞണ്ണ റായ്, മഞ്ചേശ്വര ഗോവിന്ദ പൈ തുടങ്ങി പഴയ എഴുത്തുകാർ മുതൽ എം.ടി, സി.രാധാകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ബെന്യാമിൻ, അംബികാസുതൻ മാങ്ങാട്, ചെന്നവീര കണവി വരെയുള്ളവരുടെ കൃതികൾ വായിച്ച് അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കിയിരുന്നു. 

മലയാളം, കന്നട തുടങ്ങിയ ഭാഷകളിൽ നിന്നുള്ള ആയിരത്തോളം കുറിപ്പുകളാണ് വിദ്യാർഥികൾ ഒരുക്കിയത്. അതോടൊപ്പം രണ്ടായിരത്തോളം പുസ്തകങ്ങളുടെ പ്രദർശനവും, ആസ്വാദന ചർച്ചയും നടന്നു. 

കൂടാതെ ക്വിസ് മത്സരം, രക്ഷിതാക്കൾക്കുള്ള വായനാക്കുറിപ്പ് മത്സരം, അക്ഷരപ്പെട്ടി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും പക്ഷാചരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

സാംസ്കാരിക പ്രവർത്തകൻ എ.ദാമോദരൻ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.രഘുനാഥൻ അധ്യക്ഷനായി. എസ്.എം.സി ചെയർമാൻ ടി.ഭരതരാജ്, പ്രധാനധ്യാപകൻ കെ.അശോക, സീനിയർ അസിസ്റ്റന്റ് പി.ഹാഷിം, സ്റ്റാഫ് സെക്രട്ടറി കെ.അശോകൻ, പി.കെ ജയരാജൻ, സത്യനാരായണൻ, കെ.ശാന്തകുമാരി, എസ്.എൻ പ്രകാശ്, സി.പ്രശാന്ത്, എം.കെ പ്രദീപൻ, എ.ഗോപാലകൃഷ്ണൻ നായർ, ശ്രീശകുമാര പഞ്ചിത്തടുക്ക, കൺവീനർ അനൂപ് പെരിയൽ, ജോ.കൺവീനർ കെ.ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.