Latest News

മോഷ്ടിച്ച കാറുമായി യുവാവും യുവതിയും പിടിയില്‍

മാനന്തവാടി: മോഷ്ടിച്ച കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെയും യുവതിയെയും പോലീസും നാട്ടുകാരും ചേർന്ന് പിടികൂടി. എറണാകുളം വൈറ്റില മനക്കൽവീട്ടിൽ ആഷിക്ക് ആന്റണി (25), ഇരിട്ടി കീഴ്പള്ളി കൂമ്പനാട്ടിൽ രഞ്ജിനി (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ തലപ്പുഴയിൽ വെച്ചാണ് ഇവർ പിടിയിലായത്.

മാനന്തവാടിയിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് അതിവേഗം പോയ കാർ കുഴിനിലത്തുവെച്ച് രണ്ട് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ ബൈക്കുകളിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റെങ്കിലും കാർ നിർത്താതെ പോവുകയായിരുന്നു.

പരിക്കേറ്റവർ പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന്, കാറിനെ തലപ്പുഴ 44-ൽ വെച്ച് പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഇതോടെ കാറിലുണ്ടായിരുന്ന യുവാവും യുവതിയും ഇറങ്ങി ഓടിരക്ഷപ്പെട്ടു.
തുടർന്ന്, തിരച്ചിൽ നടത്തി ഒരു വീടിനുസമീപത്തുനിന്ന് ഇവരെ പിടികൂടുകയായിരുന്നു.

കളമശ്ശേരിയിൽനിന്ന്‌ മോഷ്ടിച്ച കാറാണിതെന്നും പ്രതികൾ മറ്റുചില മോഷണക്കേസുകളിലെ പ്രതികളാണെന്നുമാണ് പോലീസ് നൽകുന്ന സൂചന.

അഞ്ചുവയസ്സുകാരനായ മകനുള്ള രഞ്ജിനി വിവാഹബന്ധം വേർപെടുത്തിയശേഷം ആഷിക്കിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. ഇവരെ കാണാതായതായി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികളെ മാനന്തവാടി സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. കാർ ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികരായ കുഴിനിലം സ്വദേശികളായ പുളിഞ്ചിക്കൽ അഭിജിത്ത് (29), വേങ്ങച്ചുവട്ടിൽ സാജു (46) എന്നിവർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.