കാസര്‍കോട്: വിവാഹമോചന കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയ യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ കോടതി വരാന്തയില്‍ വെച്ച് പകര്‍ത്തിയ യുവാവ് കുടുങ്ങി.[www.malabarflash.com]
ചെറുവത്തൂര്‍ കൈതക്കാട്ടെ യുവതിയും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചന കേസില്‍ ഹാജരാകാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനോടൊപ്പം കുടുംബ കോടതിയിലെത്തിയ യുവതിയുടെ ദൃശ്യങ്ങളാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പവര്‍ഓഫ് അറ്റോര്‍ണിയായി കേസ് നടത്തുന്ന മരുമകന് നീലേശ്വരം തൈക്കടപ്പുറം സ്വദേശി നൗഷാദ് (35) മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
യുവതിയും ഭര്‍ത്താവും തമ്മിലുളള വിവാഹമോചന ഹരജി കുടുംബകോടതിയുടെ പരിഗണനയിലുണ്ട്. ചൊവ്വാഴ്ച വിചാരണക്കെത്തിയ യുവതിയോടൊപ്പം പിതാവും ഒരു കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നു. യുവതിയും കോണ്‍ഗ്രസ് നേതാവും ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിനുവേണ്ടി കോടതിയിലെത്തിയ സഹോദരി പുത്രന് മൊബൈല്‍ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയും പിതാവും ബഹളം വെക്കുകയും ചെയ്തു. ഇക്കാര്യം യുവതിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബകോടതി ജഡ്ജി കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വിളിച്ച് നൗഷാദിനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദ്ദേശം നല്കി.
ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം പോലീസുകാരന് ഫോണ്‍ പിടിച്ചെടുക്കുകയും യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ നൗഷാദിനെതിരെ കേരള പോലീസ് ആക്ട് 119 ബി പ്രകാരം കേസെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.


No comments:
Post a Comment