Latest News

ശബരിമല വിധിക്കു സ്റ്റേ ഇല്ലെന്ന് വീണ്ടും സുപ്രീംകോടതി

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന വിധിക്കു സ്റ്റേ ഇല്ലെന്നു വീണ്ടും സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യം തള്ളി.[www.malabarflash.com]

ഹർജികൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ഹർജിക്കാരി ഷൈലജ വിജയന്റെ അഭിഭാഷകൻ വിഷയം ഉന്നയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി ചെവ്വാഴ്ച  തീരുമാനിച്ചിരുന്നു. യുവതീപ്രവേശം അനുവദിച്ച വിധിക്കു സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചെവ്വാഴ്ച യും വ്യക്തമാക്കിയിരുന്നു. 

ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹർജികളാണ് ഇന്നലെ ചേംബറിൽ പരിഗണിച്ചത്. ഇവയിൽ 14 എണ്ണം പുനഃപരിശോധനാ ഹർജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹർജി നൽകാൻ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു

പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ പരിഗണിച്ചു തീരുമാനമെടുത്താൽ പോരാ, കോടതിയിൽ വാദം കേട്ട് തീർപ്പാക്കണമെന്ന് ഒട്ടുമിക്ക ഹർജിക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മാത്രമാണ് ജഡ്ജിമാർ ചെവ്വാഴ്ച  തീരുമാനമെടുത്തത്. അതായത്, നിലവിലെ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും ജനുവരി 22ന് കോടതിയിൽ പരിഗണിക്കാം.

യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെയും ആചാരങ്ങളെയും ബാധിക്കുമെന്നാരോപിച്ചുള്ള 3 റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് ചെവ്വാഴ്ച  രാവിലെ പരിഗണിച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെ റിട്ട് ഹർജികളിൽ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നും പുനഃപരിശോധനാ ഹർജികളിലെ ഉത്തരവിനുശേഷം അവ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.