Latest News

തെരുവുനായയുടെ കടിയേറ്റ ലക്ഷ്മണന് 35വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ അഞ്ചരക്കണ്ടി എക്കാലിലെ ലക്ഷ്മണനു 35വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരതുകയായി ലഭിച്ചത് 10ലക്ഷം രൂപ.[www.malabarflash.com]

സർക്കാർ അനുവദിച്ച തുകയുടെ ചെക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സീത ലക്ഷ്മണനു കൈമാറി.1983 ഒക്ടോബർ 14നാണ് എക്കാൽ വരദ വീട്ടിൽ ലക്ഷ്മണന് ഓടത്തിൽപീടികയിൽ വച്ച് തെരുവുനായയുടെ കടിയേൽക്കുന്നത്. ബീഡിത്തൊഴിലാളിയായിരുന്ന അദ്ദേഹത്തിന് അന്ന് വയസ്സ് 31.കടിയേറ്റ ഉടൻ ഇരിവേരി സിഎച്ച്സിയിൽ നിന്ന് പ്രതിരോധകുത്തിവയ്പ്പ് നടത്തി.

അവശനിലയിലായ ലക്ഷ്മണൻ ജില്ലാ ആശുപത്രിയിലും കോഴിക്കോട്, മണിപ്പാൽ, കസ്തൂർബ, തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രികളിലും ചികിൽസ തേടിയിരുന്നു. നീതിക്കും സഹായത്തിനുമായി തലശ്ശേരി കോടതി, ഹൈക്കോടതി,സുപ്രീംകോടതി,മനുഷ്യാവകാശ കമ്മിഷൻ മുതൽ മാറി മാറി വന്ന സർക്കാരുകൾക്കു മുന്നിൽ വരെ ലക്ഷ്മണൻ കയറിയിറങ്ങി.

ഇതിന്റെ ഭാഗമായി സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി കണ്ണൂരിൽ തെളിവെടുപ്പു നടത്തുകയും . 15 ലക്ഷം രൂപ ലക്ഷ്മണനു നഷ്ടപരിഹാരം നൽകാൻ ശുപാർശയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിനു സൗജന്യ ചികിത്സയും മരുന്നും നൽകാൻ ഹൈക്കോടതി വിധിയുണ്ടെന്നും വികലാംഗ പെൻഷൻ വാങ്ങുന്നുണ്ടെന്നുമുള്ള കാരണത്താൽ സിരിജഗൻ കമ്മിറ്റി ശുപാർശ സർക്കാർ തടഞ്ഞു. ഇതിനെതിരെ വീണ്ടും ലക്ഷ്മണൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

തെരുവുനായ് ശല്യത്തിനു കാരണം സർക്കാരിന്റെ അനാസ്ഥയായതിനാൽ പട്ടികടി കാരണമുണ്ടാകുന്ന പ്രശ്നങ്ങളിൽ സർക്കാരിനു ബാധ്യതയുണ്ടെന്ന ഹൈക്കോടതി വിധിയും ലക്ഷ്മണനു തുണയായി.അതേസമയം സിരിജഗൻ കമ്മിറ്റി നിർദേശിച്ച തുക പലിശ സഹിതം ലഭിക്കണമെന്നും ഇതിനകം ലക്ഷക്കണക്കിനു രൂപ കേസ് ആവശ്യങ്ങൾക്കു ചെലവഴിച്ചിട്ടുണ്ടെന്നും ലക്ഷ്മണൻ പറയുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.