കാഞ്ഞങ്ങാട്: ബാങ്കില്‍ നിന്നും എടുത്ത വായ്പ കൃത്യമായി തിരിച്ചടച്ചിട്ടും വീണ്ടും പണമടക്കാന്‍ നോട്ടീസയക്കുകയും ഇതന്വേഷിക്കാന്‍ ചെന്നപ്പോള്‍ യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയും ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.[www.malabarflash.com]
കാഞ്ഞങ്ങാട് പുതിയവളപ്പ് ഹൗസില്‍ പരേതനായ രാമന്റെ മകന് പി വി ഉദയകുമാറിന്റെ പരാതിയിലാണ് കാനറാ ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ക്കെതിരെ കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരമായി 5000 രൂപയും മാനസിക പീഡനത്തിന് 3000 രൂപയുമടക്കം 8000 രൂപ നല്‍കാനാണ് കോടതി ഉത്തരവ്.
2004ലാണ് ഉദയകുമാര്‍ കാനറാ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ നിന്നും 50,000 രൂപ വായ്പയെടുത്തത്. ഗഡുക്കളായി പണം തിരിച്ചടക്കുകയും ചെയ്തു. എന്നിട്ടും ലോണ്‍ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന് ബാങ്ക് അധികൃതര്‍ നോട്ടീസ് അയക്കുകയായിരുന്നു.
വായ്പ പൂര്‍ണമായും തിരിച്ചടച്ചതിന്റെ രേഖകള്‍ ബാങ്കില്‍ ഹാജരാക്കിയെങ്കിലും ഇതൊന്നും അംഗീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ഉദയകുമാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഉദയകുമാറിനു വേണ്ടി അഡ്വ. പി വി ഷാജി പയ്യന്നൂര്‍ ഹാജരായി.


No comments:
Post a Comment