Latest News

അമിതമായി മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: അമിതമായി മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് യുവാവ് മരണപ്പെടാനിടയായ സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

അഴീക്കോട് വന്‍കുളത്തുവയലിലെ പുതിയവീട്ടില്‍ ദീപക്(24) ചാലാട് പള്ളിക്കുന്ന് ബേങ്കിനടുത്ത തായലെ കേളോത്ത് ഹൗസില്‍ റിന്‍ഷാദ്(24) എന്നിവരെയാണ് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
നഗരത്തിലെ പച്ചക്കറി കടയില്‍ ജീവനക്കാരനായ പാപ്പിനിശ്ശേരിയിലെ താഴത്ത് വീട്ടില്‍ റാഷിദി(35)നെയാണ് മാര്‍ക്കറ്റിനടുത്തുള്ള ലോഡ്ജ് മുറിയില്‍ 4ന് രാത്രിയോടെ മരിച്ചനിലയില്‍ കാണപ്പെട്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസിന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് അമിതമായി ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്. 

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ടുപേര്‍ റാഷിദിനൊപ്പം മുറിയില്‍ താമസിച്ച വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
സിറിഞ്ചിലൂടെ പരസ്പരം മയക്കുമരുന്ന് കുത്തിവെച്ചതായും തങ്ങള്‍ മുറിയില്‍ നിന്നും പോകുമ്പോള്‍ റാഷിദ് അവിടെ തന്നെ കിടക്കുകയായിരുന്നുവെന്നുമാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. 
നിരവധി കഞ്ചാവ് കേസില്‍ ഇവര്‍ പ്രതികളാണ്. വില്‍പനക്കായി മയക്കുമരുന്ന് ഇവര്‍ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറയുന്നു. 

കണ്ണൂര്‍ ജില്ലയില്‍ സമാനമായ രീതിയില്‍ 4 പേര്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. ആരും പരാതിപ്പെടാതിരുന്നതിനാല്‍ ഇതേപറ്റി അന്വേഷണം നടന്നില്ല. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇവരുടെ പേരില്‍ കേസെടുത്തത്. അന്വേഷണം സി ഐ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ നടക്കും. എസ് ഐയോടൊപ്പം അഡീഷണല്‍ എസ് ഐ വിജേഷ്, പോലീസ് ഓഫീസറായ സഞ്ജയ് എന്നിവരുമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.