Latest News

പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

ഉദുമ: വ്യാജപേരും വിലാസവും പറഞ്ഞ് അടുപ്പം സ്ഥാപിച്ച ശേഷം പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.[www.malabarflash.com]

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2017 ജൂണ്‍ മാസത്തിലെ വിവിധ ദിവസങ്ങളിലായാണ് പീഡനത്തിനിരയായത്. 

മംഗളൂരു ആസ്പത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായിരുന്ന മാതാവിനെ പരിചരിക്കാന്‍ എത്തിയ പെണ്‍കുട്ടി അവിടെ വെച്ച് യുവാവിനെ പരിചയപ്പെടുകയായിരുന്നു. അലി എന്നാണ് പേരെന്നും മഞ്ചേശ്വരമാണ് താമസമെന്നുമാണ് യുവാവ് അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്ത യുവാവ് വിവാഹവാഗ്ദാനവും നല്‍കിയിരുന്നു. 

പെണ്‍കുട്ടിക്ക് മൊബൈല്‍ഫോണും സിംകാര്‍ഡും നല്‍കിയ യുവാവ് പിന്നീട് ഫോണില്‍ ബന്ധപ്പെട്ട ശേഷം നിരവധി തവണ പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തുകയും ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയുമായിരുന്നുവത്രെ. ഇതിനിടെ പെണ്‍കുട്ടിയില്‍ നിന്ന് ഫോണും കാര്‍ഡും കൈക്കലാക്കി യുവാവ് മുങ്ങിയതോടെ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 

അലി എന്ന പേര് യഥാര്‍ഥമല്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടി സൂചിപ്പിച്ച അടയാളം വെച്ച് നടത്തിയ അന്വേഷണത്തില്‍ മഞ്ചേശ്വരത്ത് ഇങ്ങനെയൊരാള്‍ ഉള്ളതിന്റെ സൂചനയും പോലീസിന് ലഭിച്ചില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.