Latest News

മകൻ പോലീസിൽ കീഴടങ്ങി മണിക്കൂറുകൾക്കകം അച്ഛൻ തൂങ്ങിമരിച്ച നിലയിൽ

കൊല്ലം: ശബരിമലയിൽ യുവതീപ്രവേശത്തെത്തുടർന്നു കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയതിനു കേസെടുത്തതുമൂലം പോലീസിൽ കീഴടങ്ങിയ യുവാവിന്റെ അച്ഛൻ തൂങ്ങിമരിച്ച നിലയിൽ.[www.malabarflash.com]

തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയിൽ (മനേഷ് ഭവനിൽ) മോഹനൻപിള്ള (65) ആണു വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
2നു പന്മന കണ്ണൻകുളങ്ങര ജംക്‌ഷനിൽ ബൈക്ക് യാത്രക്കാരൻ പന്മന നെറ്റിയാട് സ്വദേശി അനീസിനെ ആക്രമിച്ച കേസിൽ പ്രതിയായിരുന്നു മോഹനൻപിള്ളയുടെ മകൻ മനോജ് കുമാർ. 

പോലീസ് അന്വേഷിച്ചെത്തിയതിനെത്തുടർന്ന് മനോജ് കീഴടങ്ങി മണിക്കുറുകൾക്കകം മോഹനൻപിള്ളയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ബിജെപി പടിഞ്ഞാറ്റക്കര 69–ാം നമ്പർ ബൂത്ത് പ്രസിഡന്റാണ് മോഹനൻപിള്ള. മകൻ യുവമോർച്ച പ്രവർത്തകനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആണു ചവറ സ്റ്റേഷനിൽ മനോജും സുഹൃത്ത് പടിഞ്ഞാറ്റക്കര ശ്രീ വിഹാറിൽ ദേവാനന്ദും കീഴടങ്ങിയത്. വൈകിട്ട് നാലരയോടെ മോഹനൻപിള്ളയെ വീടിനുള്ളിൽ തുങ്ങിയ നിലയിൽ ഭാര്യയാണു കണ്ടെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പോലീസ് നിരന്തരം മകനെ തിരക്കി വീട്ടിലെത്തിയിരുന്നുവെന്നും മകൻ പോലീസിൽ കീഴടങ്ങിയതിലുള്ള മനോവിഷമം ആണു മരണത്തിനു കാരണമെന്നും ബന്ധുക്കളും ബിജെപി പ്രവർത്തകരും ആരോപിച്ചു. 

ഭാര്യ: ആനന്ദവല്ലി. മനേഷ് കുമാർ ആണ് മറ്റൊരു മകൻ. തെക്കുംഭാഗം പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.